ന്യൂദല്‍ഹി: രാജ്യത്ത് റേഡിയോ കൂടുതല്‍ ശ്രോതാക്കളിലേക്കെത്തിക്കുക ലക്ഷ്യമിട്ട് 91 എഫ്എം ട്രാന്‍സ്മിറ്ററുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 100 വാട്ടിന്റെ എഫ്എം ട്രാന്‍സ്മിറ്ററുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. പത്തനംതിട്ട, കായംകുളം എന്നിവിടങ്ങളിലെ എഫ് എം പ്രക്ഷേപണികളും ഇതില്‍ പെടുന്നു.
18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 84 ജില്ലകളിലാണ് ഈ ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിച്ചിട്ടുളളത്. വികസനം കുറഞ്ഞ തോതില്‍ മാത്രമുളള ജില്ലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും റേഡിയോ കൂടുതല്‍ ആള്ക്കാരിലേക്കെത്തിക്കുന്നതിനാണ് ഇത്. ഈ വിപുലീകരണത്തോടെ രണ്ട് കോടി ആളുകള്‍ക്കും ഏകദേശം 35,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തിനും ഇപ്പോള്‍ ആകാശവാണിയുടെ എഫ്എം സേവനം ലഭ്യമാകും.
വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ റേഡിയോയുടെ പ്രാധാന്യത്തില്‍ പ്രധാനമന്ത്രി ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് മന് കി ബാത്ത് പരിപാടി പ്രധാനമന്ത്രി ആകാശവാണിയിലൂടെ ആരംഭിച്ചത്. ഈ ഞായറാഴ്ച മന് കി ബാത്തിന്റെ 100-ാം പതിപ്പ് ആകാശവാണി പ്രക്ഷേപണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: