തിരുവനന്തപുരം: രണ്ട് ദിവസമായി തുടരുന്ന സെർവർ തകരാറിന് പരിഹാരം കാണാത്തത് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. തകരാർ പരിഹരിക്കാൻ ഇനിയും മൂന്ന് ദിവസം വേണ്ടി വരും. റേഷൻ കടകൾ നാളെ വരെ പൂർണമായും അടച്ചിടും. മറ്റന്നാൾ മുതൽ മൂന്ന് ദിവസം ഏഴ് ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ വിതരണ സമയം ചുരുക്കാനാണ് തീരുമാനം.
തുടർച്ചയായ നാലാം ദിവസവും ഇപോസ് മെഷീൻ പണിമുടക്കിയതോടെയാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിടേണ്ടി വന്നത്. പൊതു അവധിയടക്കം റേഷൻ കടകൾ ഇത്രയധികം ദിവസങ്ങൾ അടച്ചിടുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് മൂന്ന് വർഷത്തിലേറെയായി സെർവർ തകരാർ മൂലം പലതവണ റേഷൻ വിതരണം മുടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ഹൈദരബാദ് യൂണിറ്റ് സെർവർ തകരാർ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് അറിയിച്ചത്.
സർക്കാർ ഉടനടി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കുമെന്ന് റേഷൻ വ്യപാരികൾ അറിയിച്ചു. ഒരു കാർഡുടമയ്ക്ക് റേഷൻ വാങ്ങാൻ 30-60 മിനിറ്റു വരെ കടയിൽ ചെലവഴിക്കേണ്ടി വരുന്നതായും വ്യാപാരികൾ ചൂണ്ടിക്കാട്ടി. വിഷു, റംസാൻ, ഈസ്റ്റർ ആഘോഷ ദിനങ്ങൾ കഴിഞ്ഞിട്ടും റേഷൻ കടകൾ വഴി ഇതിനകം 40 ശതമാനത്തിൽ താഴെ മാത്രമേ ഭക്ഷ്യധാന്യ വിതരണം നടന്നിട്ടുള്ളൂ.
റേഷൻ കിട്ടാതായാതോടെ പലയിടങ്ങളിലും കയ്യാങ്കളിയിലേക്കടക്കം നീങ്ങുന്നുണ്ട്. ഏപ്രിൽ മാസത്തെ റേഷൻ വാങ്ങാൻ മെയ് അഞ്ച് വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: