ശശി നാരായണന്
(നാടക പ്രവര്ത്തകന്)
നാടകത്തിലൂടെ സിനിമയിലെത്തി ജീവിച്ച പ്രതിഭയുള്ള നടനായിരുന്നു അന്തരിച്ച മാമുക്കോയ. നാടകപ്രവര്‍ത്തകനെന്ന നിലയില്‍ മാമുക്കോയയുമായി ബന്ധപ്പെട്ട ഒട്ടേറെ ഓര്‍മ്മകളുണ്ട്. ഏറെ വിസ്തരിക്കാനുള്ള അവസരമല്ലല്ലോ ഇത്.
കോഴിക്കോട്ടെ കലര്‍പ്പില്ലാത്ത മുസ്ലിം ഭാഷയുടെ നര്‍മം കൊണ്ട്, മലയാള ചലച്ചിത്ര രംഗത്തു ഹാസ്യ സമ്രാട്ടായി മാറിയ നടനായിരുന്നു മാമുക്കോയ. ജീവിത പ്രയാസങ്ങളെ ഹാസ്യം കൊണ്ട് അതിജീവിക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം അഭിനയിച്ചവയില്‍ പലതും; മാമുക്കോയയുടെ ജീവിതംപോലെതന്നെ.
തന്റെ നൊമ്പരങ്ങളെ മറച്ചു വെക്കാനായിരുന്നു ആ പലക പ്പല്ലുകാട്ടി ജീവിതത്തില്‍ അദ്ദേഹം ചിരിച്ചിരുന്നത്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നാളുകളില്‍ കുടുംബം പോറ്റാന്‍ കോഴിക്കോട്ടെ മരക്കച്ചവടത്തിന്റെ കേന്ദ്രമായ കല്ലായിയില്‍ മരത്തിന്റെ കണക്കെഴുതിയാണ് മാമു തന്റെ ജീവിതം ആരംഭിച്ചത്. അന്നൊക്കെ ഏറ്റവും ബുദ്ധിയുള്ള ആളുകള്‍ക്ക് പറഞ്ഞ പണിയായിരുന്നു മരക്കണക്ക് എടുക്കല്‍.
അന്ന് കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരന്, ആര്.കെ. നായര്‍ തുടങ്ങിയവരുടെ കൂടെ ‘പറഞ്ഞു കളിക്കുന്ന നാടകം’ കളിച്ചാണ് അദ്ദേഹം കലാ ജീവിതം ആരംഭിച്ചത്.
അന്നൊരിക്കല്‍ 1983 ല്‍ വളയനാട് കാവിന് അടുത്ത് കൊമ്മേരിയിലെ ഒരു വയലില്‍ അത്തരം ഒരു ‘മനോധര്‍മ്മ നാടക’ത്തിലാണ് ഞാന്‍ ആദ്യമായി മാമുക്കോയയെ കാണുന്നത്. വയലിന്റെ ഇങ്ങേ അറ്റത്തുള്ള അവസാന കാണിക്കുവരെ കാണാമായിരുന്നത് അന്ന് അദ്ദേഹത്തിന്റെ സവിശേഷമായ ആ പല്ലുകള്‍ മാത്രമായിരുന്നു. എപ്പോഴും ചിരിക്കുന്ന വലിയ സമര്‍ത്ഥനായ ഒരു നാടന്‍, കുസൃതിക്കാരന്‍ എന്നൊരു ഭാവമായിരുന്നു ആ മുഖത്തിന്.
വൈക്കം മുഹമ്മദ് ബഷീറും, നടന് ശ്രീനിവാസനും ആയിരുന്നു അദ്ദേഹം സിനിമയില്‍ എത്താന്‍ കാരണക്കാരായവര്‍ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മലയാള സിനിമയില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ ജനങ്ങളെ ചിരിയില്‍ ആറാടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന വിദൂഷക നടന് ചിരകാല സ്വര്‍ഗ്ഗമാകുന്നു വേദങ്ങള്‍ വിധിച്ചിട്ടുള്ളത്. ഇവിടെ മാമുക്കോയക്ക് ആ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: