ന്യൂദല്‍ഹി: സിവില്‍ അക്കൗണ്ട്സ് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക ഭരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്സ് സര്‍വീസ് ഉദ്യോഗസ്ഥര്‍ (2018-2021 ബാച്ചുകള്‍) ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു.
യുവ സിവില്‍ സര്വീസുകാരെന്ന നിലയില്‍ പൊതുഭരണത്തിലെ മികവിനായി പരിശ്രമിക്കുകയും ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏത് സ്ഥാപനത്തിലോ വകുപ്പിലോ നിയമിച്ചാലും ജോലിയുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. പ്രക്രിയ പിന്തുടരുമ്പോള്, ഉദ്ദേശ്യം നഷ്ടപ്പെടരുത്. പൊതു ക്ഷേമവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ മുര്‍മു ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.
സര്‍ക്കാരില്‍ സാമ്പത്തിക ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും പൊതുഭരണത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനുമുള്ള ഒരു ഉപകരണമായി അക്കൗണ്ടിംഗ് പ്രക്രിയകളും അക്കൗണ്ടിംഗ് റിപ്പോര്‍ട്ടുകളും മാറുന്നുവെന്ന് ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്സ് സര്‍വീസ് ഉറപ്പാക്കിയതായി രാഷ്ട്രപതി പറഞ്ഞു. പൊതു ധനകാര്യ പരിപാലനത്തിന്റെ മികച്ച സംവിധാനം ഒരു രാജ്യത്ത് തുല്യവും സമഗ്രവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു.
പൊതു ധനകാര്യ പരിപാലനത്തിന്റെ രാജ്യത്തെ പ്രധാന സാരഥികള്‍ എന്ന നിലയില്‍ ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്സ് സര്‍വീസ് ഓഫീസര്‍മാര്‍ അന്താരാഷ്ട്ര രംഗത്തും മാതൃകയായി മാറുന്ന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമേഷനും സാങ്കേതിക വിദ്യയുടെ ഉപയോഗവും രാജ്യത്തെ ഭരണ മാതൃകയെ മാറ്റിമറിച്ചതായി രാഷ്ട്രപതി പറഞ്ഞു.
ഭരണസംവിധാനങ്ങളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ ദ്രുതഗതിയിലുള്ള പുരോഗതി നാം കണ്ടു. ഡിജിറ്റൈസേഷനും ഓണ്‍ലൈന്‍ സേവന വിതരണവും പൊതുഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഒരു പരിധിവരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ അക്കൗണ്ടിംഗ് സോഫ്റ്റ്വെയറുകളുടെയും ക്ലൗഡ് സ്റ്റോറേജ് സാങ്കേതികവിദ്യകളുടെയും ആവിര്‍ഭാവത്തോടെ, അക്കൗണ്ടിംഗ് പ്രക്രിയകള്‍ കൂടുതല്‍ തടസ്സമില്ലാത്തതും കൃത്യവുമാകുന്നതിന് കൂടുതല്‍ സാധ്യതകളുമുണ്ട് എന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: