മനോജ് പൊന്‍കുന്നം
മലയാളികള്‍ക്ക് പത്താമുദയം രണ്ടുണ്ട്. തുലാമാസം പത്താം തീയതിയും മേടമാസം പത്താം തീയതിയും പത്താമുദയം ആഘോഷിക്കുമെങ്കിലും തുലാമാസത്തില്‍ അത് തുലാപ്പത്ത് എന്നാണ് സാധാരണ അറിയപ്പെടുക. മേടം ഒന്നിന് വിഷു കഴിഞ്ഞു വരുന്ന മേടപ്പത്ത് മലയാളികളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ദിവസമാണ്. മലയാളികള്‍ക്ക് വിഷു വിളവെടുപ്പ് മഹോത്സവമാണെങ്കില്‍ പത്താമുദായം കാര്‍ഷികവൃത്തികള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണ്. വിഷു, ശ്രീകൃഷ്ണ ഭഗവാന് പ്രധാന്യമുള്ളതാണെങ്കില്‍ പത്താമുദയം സൂര്യദേവന് പ്രാധാന്യം കല്പിച്ചുള്ളതാണ്.
ദക്ഷിണായാനത്തില് നിന്നും ഉത്തരായനത്തിലേക്ക് കിടക്കുന്നതിനു മുന്‍പ് നേരെ മധ്യത്തില്‍ സൂര്യന് അത്യുച്ചരാശിയില്‍ വരുന്ന ദിനമാണ് വിഷു. സൂര്യന് ഏറ്റവും ശക്തനാണത്രെ ഈ ദിവസം.
വിഷു കഴിഞ്ഞാല്‍ അടുത്ത കൃഷിക്കായുള്ള നിലമൊരുക്കല്‍ ആരംഭിക്കുകയായി, നിലം ഉഴുകയും ചാലുകീറലും ഒക്കെ തുടങ്ങുകയായി. ഏറ്റവും അതോടൊപ്പം ഒന്ന് രണ്ടു വേനല്‍ മഴയും കൂടിയാവുമ്പോള്‍ നിലം കൃഷിക്ക് പാകം. ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാ
നും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാര്‍ പറയുന്നത്.
അന്ന് നാളും പക്കവും സമയവും ഒന്നും നോക്കാതെ എന്തും കൃഷി ചെയ്യാം, വിളവ് മികച്ചതായിരിക്കും എന്നുറപ്പാണത്രേ.
പത്താമുദയദിവസവും വിഷുദിനം പോലെ തന്നെ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയുമൊക്കെ ചെയ്യുന്ന പതിവ് ഇപ്പോഴും ചില കുടുംബങ്ങളിലെങ്കിലും തുടരുന്നുണ്ട്.
ഹൈന്ദവരെ സംബന്ധിച്ച് ആചാരപരമായും വളരെ പ്രധാന്യമുള്ള ദിവസമാണ് പത്താമുദായം.
കൃഷിക്ക് പുറമെ ഗൃഹപ്രവേശം, ഗൃഹ നിര്‍മ്മാണ ആരംഭം തുടങ്ങി എന്ത് കാര്യത്തിനും ഉത്തമമാണ് പത്താമുദയം. വിശേഷാല്‍ പൂജകളും ആഗ്രഹസിദ്ധിക്കായുള്ള ഉപാസനകളുമൊക്കെ ഈ ദിവസങ്ങളില്‍ കൂടുതല്‍ ഫലം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.
വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് പത്താമുദയം നാളില്‍ മുന്‍പ് നിലനിന്നിരുന്നു. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സൂര്യനുനേരെ വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു. ഉദയം കഴിഞ്ഞ് സൂര്യന്റെ ചൂടില്‍ ഉണങ്ങിയ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടക്കി പ്രസാദമായി കഴിക്കുന്നപതിവ് ഇന്നും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.
പത്താമുദയദിനം തൊഴുത്തിന്റെ മൂലയില്‍ അടുപ്പ് കൂട്ടി ഉണക്കലരിപ്പായസമുണ്ടാക്കി പശുക്കള്‍ക്ക് നിവേദ്യം നടത്തുന്ന പതിവുണ്ടായിരുന്നു, അത് കുടുംബത്തിലെ ആണ്‍കുട്ടികളാണ് ചെയ്തിരുന്നത്. സാക്ഷാല്‍ ശ്രീകൃഷ്ണനെ
പ്രീതിപ്പെടുത്താനാണ് ഈ നിവേദ്യം നടത്തുന്നത്.
പത്താമുദയശേഷം മലയാളികള്‍ക്ക് പറയത്തക്ക ആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളുമില്ല, ഇടവപ്പാതിക്കും കള്ളകര്ക്കടകത്തിനും ശേഷം ഓണക്കാലം വരുന്നതുവരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: