തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയ ആളുടെ പേരും നമ്പറും കത്തിലുണ്ട്. ഇത് പോലീസ് പരിശോധിച്ചോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
പോലീസ് ശക്തമായ നടപടി എടുക്കുകയാണ് വേണ്ടത്. ഭീഷണി കത്തിനെ സംബന്ധിച്ച് അന്വേഷണം നടത്തി അത് ആരാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. അതിനുപകരം പോലീസ് ചെയ്യുന്നത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ടടുത്ത ദിവസം ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ മാധ്യമങ്ങളെ വിളിച്ച് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിന്റെ പിന്നില്‍ പോലീസിന്റെ ബുദ്ധിയാണോ അതോ മറ്റാരുടെയെങ്കിലും ബുദ്ധിയാണോ എന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു.
മികച്ച സുരക്ഷയാണ് എസ് പി ജി പ്രധാനമന്ത്രിക്ക് ഒരുക്കുന്നത്. കേരളത്തില്‍ മതതീവ്രവാദ സംഘടനകളും രാജ്യദ്രോഹ ശക്തികളും ശക്തമാണെന്നാണ് പോലീസ് പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നിരവധി സംഘടനകളെ സംബന്ധിച്ച് പരാമര്‍ശം ഉണ്ട്. പിഡിപി, എസ്ഡിപിഐ, പിഎഫ്‌ഐ, ചില ആര്‍ബന്‍ നെക്‌സല്‍ സംഘടനകള്‍ തുടങ്ങിവയുടെ പേരുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ അവരെയെല്ലാം സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
നാളെ പിഡിപി നേതാവ് കേരളത്തിലേക്ക് വരികയാണ്. അദ്ദേഹത്തിന് എല്ലാ സുരക്ഷയും സംസ്ഥാന സര്‍ക്കാരാണ് ഒരുക്കുന്നത്. ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ പ്രധാനമന്ത്രിയുടെ സുരക്ഷയെ ആണോ, അതോ മറ്റെന്തെങ്കിലുമാണോ കേരള പോലീസ് ഉദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. സംഭവത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: