ന്യദല്‍ഹി : ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലുണ്ടായ ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കും. ജി20യുമായി ബന്ധപ്പെട്ടുള്ള പരിപാടി അടുത്ത മാസം നടക്കാനിരിക്കേയാണ് ജമ്മു കശ്മീരില്‍ ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷയും കടുപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണെന്നാണ് വിലയിരുത്തല്‍. ആക്രമണവുമായി ബന്ധപ്പട്ട് എന്‍ഐഎ സംഘം പ്രദേശത്തെത്തി പ്രാഥമികാന്വേഷണം നടത്തി.
കരസേനയുടെ ട്രക്കിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഭിംബര്‍ ഗലിയില്‍ നിന്ന് പൂഞ്ചിലെ സിങ് ഗിയോട്ടിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഹവീല്‍ദാര്‍ മന്ദീപ് സിങ്, നായിക് ദേബാശിഷ് ബസ്വാള്‍, നായിക് കുല്‍വന്ത് സിങ്, ഹര്കൃഷന് സിങ്, സേവക് സിങ് എന്നിവരാണ് വീരമൃത്യൂ വരിച്ചത്. ഒരു സൈനികന് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. രാഷ്ട്രീയ റൈഫിള്‍സിലെ ഭീകരവിരുദ്ധ ഓപ്പറേഷന് വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടം എന്നാണ് ആദ്യം സംശയിച്ചതെങ്കിലും രാത്രിയോടെയാണ് ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വാഹനത്തിന് നേരെ വെടയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്. പ്രദേശം സൈന്യം വളഞ്ഞ് തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ വനമേഖല വിട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരതയ്ക്ക് എതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: