ന്യൂദല്‍ഹി: സെഷന്‍സ് കോടതി വിധി തെറ്റാണെന്ന് കോണ്‍ഗ്രസ്. രാഹുലിനെ ശിക്ഷിച്ച കീഴ്ക്കോടതി വിധിയും തെറ്റായിരുന്നെന്ന് നേരത്തേ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാഹുല്‍ തെറ്റായതൊന്നും പറഞ്ഞിട്ടില്ലെന്നും കോടതികള്‍ക്കാണ് തെറ്റുപറ്റുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പറഞ്ഞു.
രാഹുലിനെ കേസില്‍ നിന്നു രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. രാഹുലിനെ ഇത്തരം ഉത്തരവുകളിലൂടെ നിശ്ശബ്ദനാക്കാനാകില്ലെന്നും രാഹുലിനെ ആര്‍ക്കും പൂട്ടാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. വിധി പ്രതീക്ഷിച്ചിരുന്നതായി ജയറാം രമേശ് പ്രതികരിച്ചു.
വിധി സോണിയ കുടുംബത്തിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി
അപകീര്‍ത്തിക്കേസിലെ കീഴ്ക്കോടതി വിധി ശരിവച്ച സെഷന്‍സ് കോടതി വിധി സോണിയ കുടുംബത്തിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ബിജെപി.
ബിജെപിക്കു വേണ്ടി ഏകപക്ഷീയമായി പെരുമാറിയ വിചാരണക്കോടതി രാഹുലിനെ ശിക്ഷിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണമെന്നും മേല്‍ക്കോടതി വിധി വന്നതോടെ യാഥാര്‍ഥ്യം ജനങ്ങള്‍ക്കു മനസ്സിലായെന്നും ബിജെപി നേതാവ് സമ്പിത് പാത്ര പറഞ്ഞു.രാഹുലിന് ഇനിയും മാപ്പുപറയാന്‍ സമയമുണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യത്തോടു മാപ്പു പറയണം. ഒബിസി സമൂഹത്തോടും രാഹുല്‍ ക്ഷമ ചോദിക്കണം, അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: