കോഴിക്കോട് : എലത്തൂരില്‍ ട്രെയിനിന് തീവെച്ചത് ഭീകര പ്രവര്‍ത്തനമാണെന്ന് കേരള പോലീസ്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
തീവെപ്പ് കേസില്‍ പ്രതി നടത്തിയ ഭീകര പ്രവര്‍ത്തനമായതിനാലാണ് യുഎപിഎ ചുമത്തിയത്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പ്രത്യേക സംഘം കേരളത്തിലും ദല്‍ഹിയിലുമായി നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഷാരൂഖ് ഫക്രുദ്ദീന്‍ സെയ്ഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. കേസില്‍ യുഎപിഎ ചുമത്തിയിട്ടുള്ളതിനാല്‍ മജിസ്ട്രേറ്റ് കോടതിക്ക് കേസ് പരിഗണിക്കാനാവില്ല. കേസ് എന്‍ഐഎ റീ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. മൂന്നു പേരുടെ മരണത്തിനും 9 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തിയത്. ഇത് എന്‍ഐഎ അന്വേഷണത്തിലേക്കും വഴിവെച്ചതെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. ഇതോടെ പ്രതിയുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് പറയാനായി മാറ്റി.
ഷാരൂഖിന്റെ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍, കേസില്‍ നടന്ന ഗൂഢാലോചന, ഭീകരവാദ സ്വാധീനം എന്നിവ സംബന്ധിച്ചാണ് എന്‍ഐഎ അന്വേഷിക്കുന്നത്. രാജ്യത്ത് നടന്നിട്ടുള്ള സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും. സംഭവതതില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ പ്രാഥമികാന്വേഷണം നടത്തി വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: