തിരുവനന്തപുരം: അതിനൂതന സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതവും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രോഗനിര്‍ണയ ചികിത്സാ സംവിധാനങ്ങള്‍ ആര്.സി.സിയില്‍ സജ്ജമാക്കി. ഇവയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 20ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ഇതോടൊപ്പം ഹൈടെക്ക് സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള പേഷ്യന്റ് വെല്‍ഫയര്‍ ആന്റ് സര്‍വീസ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനവും നടക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രാരംഭ ദശയില്‍ത്തന്നെ നിര്‍ണയിക്കുന്ന ഓട്ടോമാറ്റിക് ഹൈസ്പീഡ് മെഷീനായ സെര്‍വിസ്കാന്‍ ആര്.സി.സിയും സീഡാക്കും ചേര്‍ന്നാണ് വികസിപ്പിച്ചത്. ആര്.സി.സിക്ക് പുറമെ ഇന്ത്യയിലെ നാലു പ്രമുഖ കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രങ്ങളില്‍ ഇതിന്റെ ഗുണനിലവാര പരിശോധന നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഗര്‍ഭാശയഗള കാന്‍സര്‍ ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഹൈടെക്ക് സങ്കേതം ആക്കം കൂട്ടും.
ന്യൂറോ എന്ഡോക്രയിന്ട്യൂമറുകള്, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില് കണ്ടുപിടിച്ച് ലൂട്ടീഷ്യം തെറാപ്പി നല്കാന് സഹായിക്കുന്ന ഗാലിയം ജനറേറ്റര്‍, പ്രോസ്റ്റേറ്റിനുള്ളിലെ അതിസൂക്ഷ്മ അര്‍ബുദം പോലും അതീവ കൃത്യതയോടെ ചികില്സിക്കുന്നതിനുള്ള പ്രോസ്റ്റേറ്റ് ബ്രാക്കിതെറാപ്പി യൂണിറ്റ് എന്നിവയും പ്രവര്‍ത്തന സജ്ജമാണ്. രോഗികള്‍ക്കും സഹായികള്‍ക്കും വിശ്രമിക്കാനും ബാഗേജ് സൂക്ഷിക്കാനും ലക്ഷ്യമിട്ട് നിര്‍മിക്കുന്ന പേഷ്യന്റ് വെല്‍ഫയര്‍ ആന്റ് സര്‍വീസ് ബ്ലോക്കിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. അത്യാധുനിക ശൗചാലയങ്ങള്‍, ലോഞ്ച്, ക്ലോക്ക്റൂം, എടിഎം കൗണ്ടര്‍, ട്രാവല്‍ ഡസ്ക്, ഫുഡ് കോര്‍ട്ട് തുടങ്ങി വിവിധ സൗകര്യങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിശ്രമാലയം ആണ് നിര്‍മിക്കുന്നത്.
മേല്പറഞ്ഞ സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഏപ്രില്‍ 20ന് വൈകിട്ട് മൂന്നു മണിക്ക് ആര്.സി.സി അങ്കണത്തില്‍ നിര്‍വഹിക്കും. കടകംപള്ളിസുരേന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ രാജ്യസഭാ എം.പി സി.പി നാരായണന് വിശിഷ്ടാതിഥി ആയിരിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഗ്രാമവികസന കമ്മീഷണര്‍ എം.ജി രാജമാണിക്യം , കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ഡി.ആര്.അനില്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്. ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: