ഖാര്തും : സുഡാനില്‍ പരിക്കേറ്റവര്‍ ഉള്‍പ്പെടെ സാധാരണക്കാരെ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കുന്നതിനായി അര്‍ദ്ധസൈനിക സേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് സമ്മതിച്ചതായി സേനാ മേധാവി ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ പറഞ്ഞു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള സംഭാഷണവും മറ്റ് സൗഹൃദ രാഷ്ട്രങ്ങളുടെ ഇടപെടലുമാണ് തീരുമാനത്തിന് പിന്നിലെന്ന് ദഗാലോ ട്വീറ്റ് ചെയ്തു.
എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് മധ്യസ്ഥരുമായോ അന്താരാഷ്ട്ര സമൂഹവുമായോ എന്തെങ്കിലും ഏകോപനം സംബന്ധിച്ച് ധാരണയായിട്ടില്ലെന്ന് സുഡാന് സൈന്യം പറഞ്ഞു. പരാജയം മറച്ചുവെക്കാനും തയാറെടുപ്പിനും ഈ സമയം ഉപയോഗിക്കാനാണ് ആര്‍എസ്എഫ് പദ്ധതിയിടുന്നതെന്ന് സൈനികാധികൃതര്‍ പറഞ്ഞു. സൈന്യവും ്അര്ദ്ധസൈനിക വിഭാഗവും തമ്മിലാണ് പോരാട്ടം.
അതേസമയം യുഎന്‍ കണക്കുകള്‍ പ്രകാരം, സുഡാനില്‍ പോരാട്ടം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 185 പേര് കൊല്ലപ്പെടുകയും 1,800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പോരാട്ടത്തിന്റെ രൂക്ഷത കാരണം സെന്‍ട്രല്‍ ഖാര്‍ത്തൂമിന് ചുറ്റുമുള്ള തെരുവുകളില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് മാറ്റാനാകാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: