മന് കി ബാത്ത്100: ഒരു കായിക രാഷ്ട്രമായി ആഘോഷിക്കപ്പെടുന്ന ഇന്ത്യ
അഞ്ജു ബോബി ജോര്‍ജ്,
വൈസ് പ്രസിഡന്റ്, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ
ഇന്ത്യന്‍ കായിക മേഖല ആവേശകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിഭാധനരെന്നും ഭാവി വാഗ്ദാനങ്ങളെന്നും വിശേഷിപ്പിക്കപ്പെടുന്ന കായിക താരങ്ങളുടെ ഒരു വലിയ നിര എല്ലായ്പ്പോഴും ഇന്ത്യയ്ക്കുണ്ടായിരുന്നു. നിലവിലെ നയങ്ങള്‍ പരിഷ്ക്കരിക്കുകയും കായിക താരങ്ങളുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായ പുതിയ നയങ്ങള്‍ സ്വീകരിക്കുകയുമായിരുന്നു വേണ്ടിയിരുന്നത്. താഴേത്തട്ടിലുള്ള പ്രതിഭകളെ തിരിച്ചറിയല്‍, കായിക അടിസ്ഥാന സൗകര്യ വികസനം, മികച്ച കായികതാരങ്ങള്‍ക്ക് പിന്തുണ, രാജ്യത്തിന്റെ വിദൂര കോണുകളിലെ വനിതകള്‍, ദിവ്യാംഗര്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ക്ക് തുല്യ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കല്‍ തുടങ്ങിയ ചുവടുവയ്പ്പുകളിലൂടെ കായിക മേഖലയെ പരിവര്‍ത്തനം ചെയ്യാനുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ വിദൂര കോണുകളില്‍ നിന്നുപോലുമുള്ള സ്ത്രീകള്‍, ദിവ്യാംഗര്‍, യുവാക്കള്‍ തുടങ്ങി എല്ലാ പ്രായക്കാരിലുമുള്ള ഒട്ടേറെ കായിക താരങ്ങളുടെ വിജയഗാഥകളും പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥകളും പ്രധാനമന്ത്രിയുടെ ‘മന് കി ബാത്തിലൂടെ’ ജനഹൃദയങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.
വിപ്ലവകമായ ഒരു പരിവര്‍ത്തനമാണ് ഖേലോ ഇന്ത്യ ഗെയിംസിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാസ്തവത്തില്‍, ഇന്ത്യയുടെ മിനി ഒളിമ്പിക്സ് ആയി മാറിയിരിക്കുകയാണ് ഖേലോ ഇന്ത്യ ഗെയിംസ്. യുവ കായികതാരങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്നതിന്റെ പ്രോത്സാഹനം ലഭിക്കുക മാത്രമല്ല, ഓരോ സംസ്ഥാനങ്ങള്‍ക്കും ശക്തമായ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രചോദനവും ഇത് നല്കി. രാജ്യത്ത് പൊതുവായ ഒരു കായിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലും, ഓരോ കായികതാരത്തെയും അവരുടെ പ്രകടന പുരോഗതി ഉള്‍പ്പെടെ മനസ്സിലാക്കുന്നതിലും പ്രധാനമന്ത്രി കാണിക്കുന്ന വ്യക്തിപരമായ താല്‍പ്പര്യം നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇദംപ്രഥമമാണ്. ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ഓരോ യാത്രയ്ക്ക് മുമ്പും, ഓരോ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്കും കായിക മത്സങ്ങള്‍ക്കും ശേഷവും ഇന്ത്യന്‍ സംഘവുമായി സംവദിക്കുകയും അവരുടെ വിജയത്തിലും ആത്മാര്‍ത്ഥമായ പരിശ്രമത്തിലും അവരെ പ്രചോദിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയെന്നത് പ്രധാനമാണെന്ന് അദ്ദേഹം കരുതുന്നു.
പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന് കി ബാത്തില്‍’ കായിക മത്സരങ്ങളെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ട്. പണ്ട് കായിക നേട്ടം കൈവരിക്കുന്ന നമ്മുടെ നാട്ടുകാരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാന്‍ പത്രമെന്ന ഏക മാധ്യമം മാത്രമായിരുന്നു ആശ്രയം. എന്നാല്‍ ഇപ്പോള്‍ അവര്‍ രാജ്യാന്തര ടൂര്‍ണമെന്റുകള്‍ക്ക് യാത്ര തിരിക്കും മുമ്പ് തന്നെ നാം അവരെ ആഘോഷിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഒളിമ്പിക്സിലോ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെയും, ഖേലോ ഇന്ത്യ ഗെയിംസില്‍ പങ്കെടുക്കുന്ന യുവാക്കളുടെയും പ്രകടനങ്ങളെ കായികരംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളായി പ്രഖ്യാപിക്കാനുള്ള ഒരു വേദിയായി ‘മന് കി ബാത്ത്’ മാറിയിരിക്കുന്നു. ഇന്ന്, 2023 ഏപ്രില്‍ 30ന് ‘മന് കി ബാത്ത്’ സെഞ്ച്വറി തികയ്ക്കുമ്പോള്‍, കടന്നു പോയ വര്‍ഷങ്ങളിലുടനീളം, അതിന്റെ എല്ലാ പതിപ്പുകളിലും അത്ലറ്റുകള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും, പ്രചോദനമേകുന്നതിനും, കായിക ഭാവി കെട്ടിപ്പടുക്കുന്നതിനും ‘മന് കി ബാത്ത്’ പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്.
ഞാന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മെഡല്‍ നേടിയ അവസരത്തില്‍, മെഡല്‍ നേടിയ എന്റെ സഹ കായികതാരത്തിന്, അവരുടെ രാജ്യത്തലവനില്‍ നിന്ന് ലഭിച്ച ഫോണ്‍ കോള്‍ സ്റ്റേഡിയത്തിലെ സ്ക്രീനില്‍ തെളിയുന്നത് കാണാനിടയായി. എപ്പോഴാണ് എനിക്ക് സമാനമായ ഒരനുഭവമുണ്ടാവുകയെന്ന് ഞാന്‍ ചിന്തിച്ചു. ആ അര്‍ത്ഥത്തില്‍, ‘മന് കി ബാത്ത്’ പോലുള്ള സുപ്രധാന വേദിയില്‍ ഇന്നത്തെ യുവ കായികതാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നത് ശരിക്കും ഭാഗ്യമാണെന്ന് പറയേണ്ടിയിരിക്കുന്നു. അവരുടെ വ്യക്തിഗത താല്‍പ്പര്യങ്ങള്‍ പോലും അദ്ദേഹത്തിന് നന്നായി അറിയാം. അവര്‍ മടങ്ങിവരുമ്പോള്‍ അവര്‍ക്ക് ഗംഭീര സ്വീകരണം ഒരുക്കുകയും അഭിനന്ദനം ചൊരിയുകയും ചെയ്യുന്നു. ഇന്ത്യ മുഴുവനുമുള്ള ജനങ്ങള്‍ പ്രത്യേകിച്ച് യുവതലമുറ ഇത് കാണുന്നു.
മെഡലുകള്‍ നേടുന്നതിലും ഇന്ത്യയെ ആഗോള ഭൂപടത്തില്‍ എത്തിക്കുന്നതിലും മാത്രമായി സ്പോര്‍ട്സ് അവസാനിക്കുന്നില്ല എന്ന വസ്തുത പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. ഇത് പ്രാഥമികമായി, നമ്മെ ശാരീരിക ആരോഗ്യമുള്ളവരും, മാനസികമായി ഉണര്‍വുള്ളവരുമാക്കി, കായികക്ഷമത പരിപോഷിപ്പിക്കുന്നതിലൂടെ വ്യക്തിഗത വികാസം കൂടിയുമാണ് ലക്ഷ്യമിടുന്നത്. സ്പോര്‍ട്സിന് മൊത്തത്തില്‍ ഒരു രാജ്യത്തിന്റെ വികസനത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ആളുകള്‍ ക്രിക്കറ്റിനെ മാത്രം പിന്തുടരുന്ന കാലം കഴിഞ്ഞു. ഇന്ന്, എല്ലാ അന്താരാഷ്ട്ര കായിക മത്സരങ്ങളിലും ഇന്ത്യയുടെ പങ്കാളിത്തത്തിന് ദേശീയതലത്തില്‍ വലിയ അംഗീകാരമുണ്ട്. ബാഡ്മിന്റണായാലും, ജാവലിന്‍ ത്രോ ആയാലും, ഹാന്ഡ്ബോളായാലും, ഫെന്സിംഗിനായാലും, കൂടാതെ മല്ലഖംബ്, കളരിപ്പയറ്റ് തുടങ്ങിയ തദ്ദേശീയ കായിക ഇനങ്ങളായാല് പോലും ഇന്ന് ലോകമെമ്പാടും ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന കായിക താരങ്ങളെ അഭിനന്ദിക്കാന്‍ ആളുകള്‍ ഒറ്റക്കെട്ടാണ്.
2020 ഒളിമ്പിക്സിന് തൊട്ടുമുമ്പ്, ടോക്കിയോയിലേക്ക് പോകുന്ന അത്ലറ്റുകളെ ഹാഷ്ടാഗ് ഉപയോഗിച്ച് പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി ‘മന് കി ബാത്ത്’ ശ്രോതാക്കളോട് അഭ്യര്‍ത്ഥിച്ചു, അത് പിന്നീട് ഒരു കാമ്പെയ്നായി മാറി. ഇതിലൂടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെയുള്ളവര്‍ അത്ലറ്റുകള്‍ക്ക് ആശംസകള്‍ അറിയിച്ചതിന് നാം സാക്ഷ്യം വഹിച്ചു. നമ്മുടെ കായിക താരങ്ങളുടെ നേട്ടം ആഘോഷിക്കാന്‍ ഒരു രാജ്യമെന്ന നിലയില്‍ നാം വ്യത്യസ്ത വഴികള്‍ കണ്ടെത്തുന്നത് കാണുന്നത് രസകരമാണ്. കായികരംഗത്തെ ഈ കുതിപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭൂതപൂര്‍വമാണ്, കായികരംഗത്ത് നവോന്മേഷം പകരുന്നതില്‍ പ്രധാനമന്ത്രിയോട് എനിക്ക് നന്ദിയുണ്ട്.
അതിന്റെ ഫലങ്ങള്‍ എല്ലാവര്ക്കും കാണാനാകും. ടോക്കിയോ ഒളിമ്പിക്സില്‍ ഏഴ് മെഡലുകളും പാരാലിമ്പിക്സില്‍ 19 മെഡലുകളും നേടിയ ഇന്ത്യ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. ബര്മിംഗ്ഹമില് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണമെഡലുകളടക്കം 61 മെഡലുകളോടെ ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. അന്താരാഷ്ട്ര തോമസ് കപ്പ് (ബാഡ്മിന്റണ്‍) ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി, 14 തവണ ലോക ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ടീം ചാമ്പ്യന്‍ഷിപ്പ് നേടി. ബ്രസീലില്‍ നടന്ന ബധിര ഒളിമ്പിക്സില്‍ 16 മെഡലുകളുമായി ഇന്ത്യന്‍ സംഘം രാജ്യത്തിനായി എക്കാലത്തെയും മികച്ച പ്രകടനം നടത്തി. പുതിയ യുവ പ്രതിഭകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. രാജ്യം മുഴുവന്‍ അവരുടെ വിജയങ്ങള്‍ ആസ്വദിക്കുന്നു.
‘മന് കി ബാത്ത്’ ഒരു വേദിയെന്ന നിലയില്‍ പൗരന്മാരില്, പ്രത്യേകിച്ച് യുവജനങ്ങളില്‍, രാജ്യത്തെ കായിക വിനോദങ്ങളോടുള്ള ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. ‘മന് കി ബാത്തിന്റെ’ ഒന്നിലധികം എപ്പിസോഡുകളിലൂടെ, കായികം അവരുടെ ജീവിതത്തിന്റെ നിര്‍ണായക ഭാഗമാക്കാന്‍ യുവതലമുറയോട് പ്രധാനമന്ത്രി നേരിട്ട് അഭ്യര്‍ത്ഥിച്ചു. തന്റെ റേഡിയോ പരിപാടിയിലൂടെ എല്ലാവരുടെയും പ്രയത്നത്തിലൂടെ, കായിക വിനോദത്തെ ഇന്ത്യയുടെ സമഗ്രവികസനത്തില് ഒരു പ്രധാന ഘടകമാക്കാനുള്ള ഒരു വികാരം അദ്ദേഹം പകര്‍ന്നു. ജനങ്ങളും സര്‍ക്കാരുകളും കായികതാരങ്ങളും ഒപ്പം സംഘടകളും ഒരുമിച്ച് ഈ ദര്‍ശനം നവ ഇന്ത്യയ്ക്കായി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നു. മന് കി ബാത്തിന്റെ വരാനിരിക്കുന്ന 100ാം എപ്പിസോഡിനായി ഞാന്‍ കാത്തിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയ നമ്മുടെ പ്രധാനമന്ത്രി സാധാരണക്കാരെ പറ്റി സംസാരിക്കുകയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കേള്‍ക്കാന്‍ ഞാനും കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: