മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടി കയറി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ. ദുഖവെള്ളി ദിനത്തിൽ പനി കാരണം പാതിവഴിയിൽ ഉപേക്ഷിച്ച യാത്ര എ എൻ രാധാകൃഷ്ണൻ പിന്നീട് ഈസ്റ്റര്‍ ദിനമായ പുതുഞായറില്‍ പൂർത്തിയാക്കുകയായിരുന്നു.
ബിജെപി പ്രവത്തകർക്കൊപ്പമാണ് വീണ്ടും മലയാറ്റൂർ കുരിശുമുടി കയറാൻ എ എൻ രാധാകൃഷ്ണൻ എത്തിയത്. ദുഃഖ വെള്ളിയാഴ്ച മലയാറ്റൂർ മല കയറിയെങ്കിലും കുരിശുമുടി കയറാതെ രാധാകൃഷ്ണൻ തിരിച്ചുപോന്നിരുന്നു.
ആത്മീയ അനുഭൂതി അനുഭവിച്ചാണ് മലയാറ്റൂർ ദർശനം പൂർത്തീകരിച്ചതെന്ന് എ എൻ രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ തവണ ന്യൂനപക്ഷ മോർച്ചാ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ മലയാറ്റൂർ മല കയറാൻ എത്തിയപ്പോൾ തനിക്ക് 100 ഡിഗ്രി പനി ഉണ്ടായിരുന്നു. അതിനാലാണ് യാത്ര ഉപേക്ഷിച്ചത്.
“ഞാനൊരു വലിയ വിശ്വസിയാണ്. മൂകാംബികയിൽ പോകണം എന്നുണ്ടേൽ അമ്മ വിളിച്ചാലേ പോകാൻ പറ്റൂ, അയ്യപ്പൻ വിളിച്ചാലേ ശബരിമലയിൽ പോകാൻ പറ്റൂ എന്നു വിചാരിക്കുന്ന ആളാണ്. മലയാറ്റൂർ മുത്തപ്പൻ വിളിച്ചതുകൊണ്ടാണ് തനിക്ക് ഇവിടെ ദർശനഭാഗ്യം ലഭിച്ചത്” – അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന ഈ പ്രദേശത്ത് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം ഒരു മരണം ഉണ്ടായി. ആംബുലൻസിന് മുകളിൽ കയറാൻ കഴിയാത്ത സാഹചര്യമുണ്ട്. കേന്ദ്രസർക്കാർ മലയാറ്റൂർ മലയെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപേക്ഷാമനോഭാവം കാരണം പണം കൃത്യസമയത്ത് പൂര്‍ണ്ണമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല- എ. എൻ രാധാകൃഷ്ണൻ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: