ആര്.ആര്. ജയറാം
മാതൃദേവതാ ആരാധന നമുക്കന്യമല്ല. ഉത്തരഭാരതത്തില്‍ മാതൃദേവതാ ആരാധനയുണ്ടെങ്കിലും വംഗം, തമിഴകം, മലയാളനാട് എന്നിവിടങ്ങളിലാണ് അമ്മദൈവ ആരാധന കൂടുതല്‍ കണ്ടുവരുന്നത്.
കേരളത്തില്‍ ദേവിയെ പഞ്ചവര്ണ്ണകളമെഴുതി ആരാധിക്കുന്ന പതിവുണ്ട്. രണ്ടു കൈകള്‍ മുതല്‍ 64 കൈകള്‍ വരെ വരച്ച് അമ്മയെ കുടിയിരുത്തി പൂജ ചെയ്ത്, കളം മായ്ച്ചശേഷം കളം വരച്ച പൊടി (ധൂളി) ഭക്തര്‍ക്കു നല്‍കുന്നതാണ് രീതി.
കൂടാതെ ഗരുഡന്‍തൂക്കം, തീയാട്ട്, മുടിയേറ്റ്, പറണേറ്റ്, പാന തുടങ്ങി പലവിധ അനുഷ്ഠാനങ്ങളും ദേവീപൂജയ്ക്ക് അനുബന്ധമായി പതിവുണ്ട്.
വൈക്കത്തിന് തെക്കുഭാഗത്ത് മൂത്തേടത്തുകാവ് എന്ന് സ്ഥലനാമത്തോടുകൂടിയ ഒരു കാവുണ്ട്. കേരളത്തില്‍ മൂത്തേടത്തുകാവുകളും ഇളംകാവുകളും എണ്ണിയാലൊടുങ്ങാത്തത്രയുണ്ട്. വൈക്കം മൂത്തേടത്തുകാവില്‍ പാണ്ഡ്യദേശം ചുട്ടെരിച്ച പതിവ്രതാ രത്നം കണ്ണകിയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാനം വളരെ ഭക്തിയോടെ ആചരിക്കപ്പെടുന്നു.
വിഷുനാളില്‍ പുലര്‍ച്ചെ മുതല്‍ ക്ഷേത്രദര്‍ശനത്തിനു വരുന്ന ഭക്തര്‍ ഓരോ ഉണക്കത്തേങ്ങ കൊണ്ടുവന്ന് ക്ഷേത്രമുറ്റത്ത് സമര്‍പ്പിക്കും. സന്ധ്യയാവുമ്പോള്‍ പതിനായിരത്തിലധികം നാളികേരങ്ങള്‍ ഒരു ചെറുകുന്നുപോലെ ഉയര്‍ന്ന് കാണപ്പെടും.
അവകാശികളായ തീയാട്ടുണ്ണിമാര്‍ ദേവിയുടെ രണ്ടു കൈകള്‍ മാത്രമുള്ള കളം വരയ്ക്കും. വില്പ്പാട്ടുകാര് കണ്ണകിയുടെ തോറ്റം പാടും. അര്‍ധരാത്രി തെക്കുപുറത്തു ഗുരുതിക്കുശേഷം തീയാട്ടുണ്ണി കളം മായ്ച്ച് പ്രസാദം നല്‍കും. ഇതിനിടെ ക്ഷേത്ര ശ്രീകോവിലില്‍നിന്ന് പകരുന്ന തീ, കൂട്ടിയിട്ടിരിക്കുന്ന നാളികേരളത്തിലേക്ക് പകരും. കണ്ണകിയുടെ ശാപം മൂലം കത്തിയെരിഞ്ഞ മധുരാനഗരത്തിനെ അനുസ്മരിപ്പിക്കും ഈ ചടങ്ങ്. ‘എരിതേങ്ങ’ (മുഴുവന്‍ കത്തിത്തീരാത്ത തീപിടിച്ച തേങ്ങ) ഭക്തര്‍ വീടുകളിലേക്ക് കൊണ്ടുപോയി പവിത്രമായി സൂക്ഷിക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള രക്ഷാകവചമായി അതു വര്‍ത്തിക്കും.
കളം മായ്ക്കലും എരിതേങ്ങ ശേഖരിക്കലും കഴിഞ്ഞാല്‍ തീയ്യാട്ടുണ്ണി ക്ഷേത്രത്തിനു പ്രദക്ഷിണമായി ഓടിക്കൊണ്ട് അരി മുകളിലേക്കെറിയും. ഓട്ടപ്രദക്ഷിണം കഴിഞ്ഞാലുടന്‍ ക്ഷേത്രനട കൊട്ടിയടയ്ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷേത്രം വിജനമാകും. അരിയെറിച്ചില്‍ കഴിഞ്ഞ് നടയടച്ചാല്‍ മൂത്തേടത്തുകാവിലമ്മ മധുരക്ക് പോകുന്നുവെന്നാണ് സങ്കല്‍പ്പം. മേടം ഒന്നിന് നടയടച്ചാല്‍ ഇടവം, മിഥുനം മാസങ്ങള്‍ കഴിഞ്ഞ് കര്‍ക്കടകം ഒന്നുവരെ ക്ഷേത്രനട അടഞ്ഞുകിടക്കും. കര്‍ക്കടകം ഒന്നിന് പുലര്‍ച്ചെ തിരിച്ചെത്തുന്ന അമ്മയെ ദീപാലങ്കാരങ്ങളോടെ നാട്ടുകാര്‍ വരവേല്‍ക്കും.
നാട്ടുകാരുടെ ക്ഷേമാന്വേഷണാര്‍ത്ഥം അമ്മ കാതങ്ങള്‍ സഞ്ചരിക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. എല്ലാ ഭക്തരും അമ്മയെ നിറപറ വച്ച് സ്വീകരിക്കും. ആ ചടങ്ങ് എല്ലാ ഭവനവും സന്ദര്‍ശിക്കുക എന്നതില്‍നിന്ന് മാറ്റി ഇറക്കിപ്പൂജയുള്ള സ്ഥലങ്ങളില്‍ മാത്രം എന്നാക്കിയിരിക്കുന്നു. ഭക്തര്‍ അമ്മയുടെ തിരുനടയില്‍ പറ സമര്‍പ്പിക്കും.
കുംഭമാസത്തിലെ ഭരണിയാണ് അമ്മയുടെ ജന്മദിനം. വിഷുവിന് തലേന്ന് ഗരുഡന്‍തൂക്കം വഴിപാട് നടക്കും. അറനാഴിപ്പായസമാണ് അമ്മയുടെ പഥ്യനിവേദ്യം. കര്‍ക്കടകമാസത്തില്‍ 100008 നാളികേര അഷ്ടദ്രവ്യഗണപതിഹോമം പതിവുണ്ട്.
മുരിങ്ങൂര്‍, ആനത്താനം, ഇണ്ടംതുരുത്തി എന്നീ ഇല്ലക്കാര്‍ക്കാണ് ക്ഷേത്രനടത്തിപ്പിന്റെ അവകാശം. പടിഞ്ഞാറ് ദര്‍ശനമായാണ് പ്രതിഷ്ഠ. ചുറ്റമ്പലത്തില്‍ ഉപദേവതയായി ഗണപതിയുണ്ട്. മതില്കെട്ടിനുള്ളില് ഭദ്രകാളി, നാഗദേവതകള്‍, മുന്‍കാല നര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ഥാനമുണ്ട്. ചെമ്പുകൊടിമരം ക്ഷേത്രത്തിന്റെ മുന്‍വശത്ത് പരിലസിക്കുന്നു. മോനാട്ടില്ലത്തിനാണ് തന്ത്രം. അവകാശികളായ പഴുതുപള്ളി ഇല്ലം അന്യംനിന്നപ്പോള്‍ നാട്ടുകൂട്ടമാണ് മൂന്നില്ലക്കാര്‍ക്ക് ക്ഷേത്രം ഏല്‍പ്പിച്ചത്.
വിഷുദിനത്തില്‍ തോട്ടായപ്പള്ളി കുടുംബക്കാര് അമ്മയുടെ തോറ്റം പാടി അമ്മയെ പാദാദി കേശം വര്‍ണിക്കും. തിരുവൈക്കത്തപ്പന്റെ പുത്രീഭാവത്തില്‍ കുടികൊള്ളുന്ന മൂത്തേടത്തുകാവില്‍ വിഷുദിനത്തില്‍ നടക്കുന്ന ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ ദൂരദേശത്തുനിന്നുപോലും ഭക്തജനസഹസ്രങ്ങള്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: