കണ്ണൂര്‍ : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി കേരള പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നു. പോലീസ് ക്യാമ്പിലാണ് പരേഡ് നടത്തുന്നത്. എഡിജിപി എം.ആര്. അജിത് കുമാര്‍, ഐജി നീരജ് കുമാര്‍ എന്നിവര്‍ ക്യാമ്പില്‍ എത്തിയിട്ടുണ്ട്. കേസിലെ സാക്ഷികളുടെ മൊഴി കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതിനുശേഷം ഷാരൂഖ് സെയ്ഫിയെ ഇന്ന് വീണ്ടും തെളിവെടുപ്പിന് കൊണ്ടുപോകും. ഷൊര്‍ണൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാകും തെളിവെടുപ്പിന് സാധ്യത. ഷാറൂഖ് ഇറങ്ങിയ ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്, പെട്രോള്‍ വാങ്ങിയ പെട്രോള്‍ ബങ്ക് എന്നിവിടങ്ങളില്‍ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക.
ഷാരൂഖിനെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ എടിഎസ് പ്രതിനിധികള്‍ കോഴിക്കോട് തുടരുന്നുണ്ട്. സംഭവം നടന്ന എലത്തൂര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളതിനാല്‍ മറ്റ് അന്വേഷണം ഏജന്‍സികള്‍ക്ക് ഷാരൂഖിനെ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം ഷാരൂഖിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി കേരള പോലീസിന്റെ നേതൃത്വത്തില്‍ നോയി ഹരിയാന എന്നിവിടങ്ങളിലും തെരച്ചില്‍ നടത്തി. ഷാരൂഖിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ദല്‍ഹിക്ക് തിരിച്ചെത്താന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസിന്റെ നിഗമനം.
ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്നതിലും പോലീസിന്റെ സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാള്‍ ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടാണ് ധരിച്ചതെന്നാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയത്. എന്നാല്‍ കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം വേറെയായിരുന്നു. ട്രെയിനിനകത്തുവെച്ചുതന്നെ ഇയാള്‍ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും നല്‍കിയതാണോയെന്നും സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: