കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ആറ് പതിറ്റാണ്ടായി ഭരണരംഗത്ത് പരാജയപ്പെട്ട ഇരുമുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃത വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നു. എന്നാല്‍ ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കൊച്ചിയില്‍ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇരു മുന്നണികളുടേയും മുഖമുദ്ര. ഒത്തുതീര്‍പ്പ് രാഷ്ട്രീയവും പരസ്പര സഹകരണവുമായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിക്കുന്നു. ജീവിക്കാന്‍ കൊള്ളാത്ത സംസ്ഥാനമായി ഇവര്‍ കേരളത്തെ മാറ്റി. മതഭീകരതയുടെ കേന്ദ്രമായി കേരളം മാറി.
ബിജെപി ക്രൈസ്തവര്‍ക്ക് ആശംസകള്‍ കൈമാറിയപ്പോഴേക്കും ഇടത്-വലത് മുന്നണികള്‍ അസ്വസ്ഥരാവുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന മന്ത്രി അസ്വസ്ഥനാവുന്നത് ബംഗാളിനെപ്പോലെ കേരളത്തിലും ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് ഭരിക്കാമെന്ന ധാരണയിലാണ്. എന്ത് എതിര്‍പ്പുണ്ടായാലും സ്നേഹയാത്ര മുന്നോട്ട് പോവും.
മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി ഇടപെട്ട ഒരേ ഒരു പ്രധാനമന്ത്രി മോദിയാണ്. കോണ്‍ഗ്രസിനും സിപിഎമ്മിനും മുസ്ലിങ്ങള്‍ വോട്ട് ബാങ്കാണെങ്കില്‍ ബിജെപിക്ക് അവര്‍ തുല്യരായ മനുഷ്യരാണ്. അതു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചത്. പ്രധാനമന്ത്രി ദല്‍ഹിയിലെ ക്രൈസ്തവ ദേവാലയത്തില്‍ പോയപ്പോള്‍ അതിന്റെ പ്രത്യാഘാതമുണ്ടായത് കേരളത്തിലെ ഇടത്-വലത് മുന്നണികളിലാണ്, സുരേന്ദ്രന് പറഞ്ഞു.
മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം കൊണ്ട് നടപ്പാക്കിയത് 60 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യങ്ങളാണ്. കേരളത്തിന്റെ അലംഭാവം കൊണ്ടാണ് പല കേന്ദ്ര പദ്ധതികളും പാഴാവുന്നത്. പിണറായി വിജയന് സര്‍ക്കാരിന്റെ പരാജയമാണ് പല കേന്ദ്ര പദ്ധതികളും ജനങ്ങളിലെത്താതിരിക്കാന്‍ കാരണം. വികസനത്തിന്റെ കാര്യത്തില്‍ ഏത് ചര്‍ച്ചയ്ക്കും പിണറായി വിജയനെ ബിജെപി വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: