ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി അനഭിലഷണീയരായ ബിസിനസുകാരുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഗുലാം നബി ആസാദ്. അത്തരം പത്ത് സന്ദര്‍ഭങ്ങളെങ്കിലും ചൂണ്ടിക്കാട്ടാനാവുമെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. രാഹുല്‍ ഗാന്ധി ഈ ബിസിനസുകാരുടെ പേര് വെളിപ്പെടുത്തണമെന്ന് ബിജെപി.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് വിട്ട നേതാക്കളുടെ പണവും അദാനി കമ്പനികളില്‍ ഉണ്ടെന്ന് ആരോപിച്ച് നടത്തിയ ട്വീറ്റില്‍ ഈയിടെ കോണ്‍ഗ്രസ് വിട്ട് പോയ ഗുലാം നബി ആസാദ്, അനില്‍ ആന്റണി, കിരണ്‍ കുമാര്‍ റെഡ്ഡി, ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരെ കുറ്റപ്പെടുത്തിയിരുന്നു. ഇവരുടെ പേര് വെച്ച ട്വീറ്റില്‍ അദാനി കമ്പനികളില്‍ ഉള്ള 20,000 കോടി രൂപയുടെ ബിനാമി പണം ഇവരുടേതാണ് എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഇതിനെതിരെയാണ് ഗുലാബ് നബി ആസാദ് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്. “രാഹുല്‍ ഗാന്ധി പറയുന്നത് അസംബന്ധമാണ്. എനിക്ക് ഒരു ബിസിനസുകാരനുമായും ബന്ധമില്ല. എന്നാല്‍ ഗാന്ധി കുടുംബം ബിസിനസുകാരുമായി സഹകരിക്കുന്നവരാണ്. രാഹുല്‍ ഉള്‍പ്പെടെ. ഈ കുടുംബത്തെക്കുറിച്ച് എനിക്ക് ബഹുമാനമുണ്ട്. അവര്‍ക്കെതിരെ സംസാരിക്കാന്‍ എനിക്കിഷ്ടമല്ല. അതല്ലെങ്കില്‍ ഞാന്‍ രാഹുല്‍ ഗാന്ധി രാജ്യത്തിന് പുറത്തുപോയി കണ്ടിട്ടുള്ള ബിസിനസുകാരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയേനെ.” – ഗുലാം നബി അസാദ് പറഞ്ഞു.
ഇതോടെ ബിജെപിയും ഗുലാം നബി ആസാദിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഈ ബിസിനസുകാരുടെ പേര് രാഹുല്‍ ഗാന്ധി പറയണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. തന്റെ പേരുള്‍പ്പെടെ അദാനിയുമായി ബന്ധപ്പെടുത്തി പറഞ്ഞ രാഹുല്‍ഗാന്ധിയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: