തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല കാര്‍ഷിക അധ്വാനം ലഘൂകരിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങള്‍ക്കുള്ള പേറ്റന്റ് നേടി. വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രത്തിനും കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് കാര്‍ഷിക സര്‍വ്വകലാശാലക്ക് പേറ്റന്റ് ലഭിച്ചത്. വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രം ഉപയോഗിച്ച് കേടുവരാതെ മാതൃസസ്യത്തില്‍ നിന്നും പിഴുതെടുക്കുന്നതിനു സാധിക്കും. പരമ്പരാഗത രീതിയില്‍ തൂമ്പയും പാരയും ഉപയോഗിച്ച് വാഴക്കന്ന് പിഴുതെടുക്കുമ്പോള്‍ കന്നുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന ട്രാക്ടര്‍ പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളില്‍ നേരിട്ടോ അല്ലാതെയോ ബന്ധിപ്പിച്ച് ഈ യന്ത്രം ഉപയോഗിക്കാം. ഒരു ഹൈഡ്രോളിക് സിലിണ്ടര്‍, കൊഴു, ഹൈഡ്രോളിക് പൈപ്പ്, നിയന്ത്രണ വാല്‍വ് എന്നിവയാണ് ഈ യന്ത്രത്തിന്റെ ഭാഗങ്ങള്‍. ട്രാക്ടറിനോടു ബന്ധിപ്പിച്ച കൊഴു മണ്ണില്‍ താഴ്ത്തി വാഴക്കന്നുകള്‍ പിഴുതെടുക്കുകയാണ് ചെയ്യുന്നത്. യന്ത്രത്തിന്റെ ഫീല്‍ഡ് കപ്പാസിറ്റി 0.19 ഹെക്ടര്‍/ മണിക്കൂറാണ്. ഒരു ദിവസം 180 വാഴകളില്‍ നിന്നും യന്ത്രം ഉപയോഗിച്ച് കന്നുകള്‍ പിഴുതു മാറ്റാം. വാഴക്കന്നുകള്‍ പിഴുതു മാറ്റുന്നതിനുള്ള ചിലവ് ഈ യന്ത്രം ഉപയോഗിച്ച് നാലില്‍ മൂന്ന് ആയി കുറയ്ക്കാന്‍ സാധിക്കും.
വീടുകളില്‍ ഉപയോഗിക്കുന്ന ഗ്രൈന്ഡറില് ഘടിപ്പിക്കാവുന്ന യന്ത്രമാണ് കൂര്‍ക്കയുടെ തൊലി കളയുന്നതിനുള്ളത്. തൊലി കളയുന്ന പീലിംഗ് യൂണിറ്റും നിയന്ത്രണ ദണ്ഡുമാണ് ഈ യന്ത്രത്തിന്റെ ഭാഗങ്ങള്‍. കൂര്‍ക്കയുടെ തൊലി കൂടുതല്‍ കളയുന്നതും എന്നാല്‍ പൊട്ടല്‍ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ യന്ത്രത്തിന്റെ രൂപകല്പന. കൂര്‍ക്ക തൊലിയോട് കൂടി ഈ യന്ത്രത്തില്‍ ഇട്ടുകൊടുത്ത് വെള്ളം ഒഴിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കാം. ഒരു മണിക്കൂറില്‍ 15 കിലോ കൂര്‍ക്ക ഈ യന്ത്രം ഉപയോഗിച്ച് തൊലി കളയാന്‍ സാധിക്കും. കൂര്‍ക്ക കൂടാതെ ചെറുകിഴങ്ങ്, ചക്കക്കുരു എന്നിവയും ഈ യന്ത്രം ഉപയോഗിച്ച് തൊലി കളയാം.
കാര്‍ഷിക സര്‍വ്വകലാശാലക്കു കീഴിലുള്ള തവനൂരിലെ കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളേജില്‍ ഡോ. ജയന് പി. ആര്, ഫാക്കല്‍റ്റി ഡീന്‍ (അഗ്രി. എന്‍ജിനീയര്‍), ഹരികൃഷ്ണന് എം. (വിദ്യാര്‍ത്ഥി), വി. അശ്വതി (വിദ്യാര്‍ത്ഥി), കെ. ആര്. അജിത്കുമാര്‍ (റിസര്‍ച്ച് അസിസ്റ്റന്റ്) എന്നിവര്‍ വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രം വികസിപ്പിക്കുന്നതിനും ഡോ. ജയന് പി.ആര്, ഡോ. ടി. ആര്. ഗോപാലകൃഷ്ണന് (കെഎയു ഗവേഷണ വിഭാഗം മേധാവി (റിട്ട)) എന്നിവര്‍ കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രം വികസിപ്പിക്കുന്നതിനും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: