അമൃത് സര് : ഖാലിസ്ഥാന്‍ നേതാവ് ഐഎസ്ഐ ബന്ധമുള്ള അമൃത്പാല്‍ സിംഗിന്റെ ഉപദേഷ്ടാവും അടുത്ത സഹായിയുമായ പപല്‍പ്രീത് സിംഗ് പോലീസ് പിടിയിലായി. നേരത്തേ പഞ്ചാബ് പോലീസിനെ വെട്ടിച്ച് കടന്ന അമൃത്പാലിനൊപ്പം ഇയാളുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് വാഹനങ്ങള്‍ മാറിമാറി ഉപയോഗിച്ച് പോലീസിനെ വെട്ടിച്ചു കടക്കുകയായിരുന്നു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും കടന്ന ഇരുവരും വീണ്ടും പഞ്ചാബിലെത്തിയെന്നാണ് കരുതുന്നത്.
അതേസമയം ബൈശാഖി ആഘോഷങ്ങള്‍ക്കും അമൃതപാല്‍ സിംഗ് കീഴടങ്ങാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കുമിടയില്‍ പഞ്ചാബിലുടനീളം പോലീസ് സുരക്ഷ ശക്തമാക്കി. പാല്പ്രീതിന്റെ അറസ്റ്റോടെ അമൃത്പാല്‍ സിംഗിനെ വേഗം പിടികൂടാനാകുമെന്നാണ് കരുതുന്നത്.
അതിനിടെ പോലീസ് മേധാവി ഗൗരവ് യാദവ് ഇന്ന് സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചു. നിയമം ലംഘിക്കുന്നവരെ പോലീസ് പിടികൂടുമെന്നും അത്തരക്കാര്‍ നിയമത്തിന് കീഴടങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അമൃത്പാല്‍ ഒരു ആരാധനാലയത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പ്രതികരിക്കവെ ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തകനായ പാപാല്‍പ്രീത് സിംഗ് നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഖാലിസ്ഥാന്‍ വാദം പ്രചരിപ്പിക്കുന്ന ‘പഞ്ചാബ് ഷീല്‍ഡ്’ എന്ന വെബ്സൈറ്റ് നടത്തുകയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: