തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളിക്കളയാനാകില്ലെന്ന് എന്‍ഐഎ. ആക്രമണം സംബന്ധിച്ച അന്വേഷണ ആസൂത്രണം നടന്നിട്ടുള്ളതായി സംശയമുണ്ട്. വിശദമായ അന്വേഷണം ആവശ്യമാണെന്നും എന്‍ഐഎ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതി ഷാരൂക്ക് സെയ്ഫി എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണ്. ബോഗിയിലെ മുഴുവന്‍ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താം. എലത്തൂര്‍ തെരെഞ്ഞെടുത്തതിന് പിന്നിലും ദുരൂഹത സംശയിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ ട്രെയിന്‍ തീവെപ്പ് കേസില്‍ കൂടൂതല്‍ പേരെ കേരള പോലീസ് സംഘം ദല്‍ഹിയിയില്‍ ചോദ്യം ചെയ്തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടൂതല്‍ നീക്കങ്ങളിലേക്ക് കടക്കും. ബാങ്ക് ഇടപാടുകളും ശേഖരിക്കും. എന്‍ഐഎയുടെ കൊച്ചി – ചെന്നെ ഉദ്യോഗസ്ഥരാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി.
അതേസമയം ഷാരൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ച് മൂന്നുദിവസം പിന്നിടുമ്പോഴും നീക്കങ്ങളെല്ലാം പോലീസ് അതിരഹസ്യമാക്കിയാണ് വെച്ചിരിക്കുന്നത്. മാലൂര്‍കുന്ന് എആര്‍ ക്യാമ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാത്രമാണ് ശനിയാഴ്ചയും ചോദ്യംചെയ്യലില്‍ പങ്കെടുത്തത്. എന്നാല്‍ ചോദ്യംചെയ്യലിനോട് ഷാരൂഖ് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. തലവേദന, കരള്‍രോഗം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ഇയാള്‍ ചോദ്യംചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറുന്നത്. ഇടയ്ക്കിടെ മൂത്രമൊഴിക്കാനായി പോകണമെന്നും പറയുന്നുണ്ട്. തുടര്‍ന്ന് പോലീസ് അകമ്പടിയോടെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരും. ഇത്തരത്തില്‍ പരമാവധി സമയംകളയാനാണ് ഷാരൂഖിന്റെ ശ്രമം.
തീവണ്ടിയില്‍ തീവെപ്പ് നടന്ന ഞായറാഴ്ച ഷൊര്‍ണൂര്‍ റെയില്വേസ്റ്റേഷന് വഴി കടന്നുപോയ എല്ലാ തീവണ്ടികളുടെയും സമയവിവരങ്ങള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അന്വേഷണസംഘത്തിന് കൈമാറി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഷാരൂഖ് സ്റ്റേഷനിലെത്തിയതും തീവണ്ടി കയറിയതുമായ ദൃശ്യങ്ങളും നല്‍കിയതിലുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: