ന്യൂഡല്‍ഹി : പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴില്‍ 23 ലക്ഷം കോടി രൂപയിലധികം വരുന്ന 40 കോടി 82 ലക്ഷത്തിലധികം വായ്പകള്‍ നാളിതുവരെ അനുവദിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.മൊത്തം വായ്പയുടെ ഇരുപത്തിയൊന്ന് ശതമാനം പുതിയ സംരംഭകര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മുദ്ര യോജനയുടെ എട്ടാം വാര്‍ഷികമാണ് ഇന്ന് .കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകര്‍ക്ക് വരുമാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് ലക്ഷം രൂപ വരെ ഈടില്ലാത്ത ലഘുവായ്പകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ആരംഭിച്ചത്.
സൂക്ഷ്മസംരംഭങ്ങള്‍ക്ക് ലളിതവും തടസരഹിതവുമായി വായ്പ ലഭിക്കാന്‍ ഈ പദ്ധതി സഹായിച്ചെന്നും ധാരാളം യുവ സംരംഭകര്‍ക്ക് ഇത് പ്രയോജനപ്പെട്ടെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. പദ്ധതിക്ക് കീഴിലുളള അക്കൗണ്ടുകളില്‍ 68 ശതമാനം വനിതകളുടേതാണ്.51ശതമാനം പട്ടികജാതി -പട്ടിക വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലുള്ള സംരംഭകരുടേതാണെന്നും അവര്‍ പറഞ്ഞു.
പ്രധാന് മന്ത്രി മുദ്ര യോജന താഴെത്തട്ടില്‍ വലിയതോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സഹായിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനിടയില്‍ മാറ്റം വരുത്തിയതായും നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: