കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ കസ്റ്റഡിയില്‍ വിട്ട പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്നും ചോദ്യം ചെയ്യും. ചേവായൂര്‍ മാലൂര്‍കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇയാള്‍ പോലീസിന് നല്‍കിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
ഷാരൂഖിന്റെ കേരളത്തിലെ യാത്ര സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പമ്പ് ഒഴിവാക്കി ഒരു കിലോമീറ്റര്‍ ദൂരേയുള്ള പമ്പില്‍ നിന്നാണ് ഇയാള്‍ പെട്രോള്‍ വാങ്ങിയത്. രണ്ട് ക്യാനുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ ഇയാള്‍ വാങ്ങുകയായിരുന്നു. ഷാരൂഖ് ഓട്ടോയിലാണ് പമ്പിലേക്ക് എത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
എന്നാല്‍ ട്രെയിനിന് നേരെ ആക്രമണം നടത്താനുണ്ടായ കാരണവും അതിന് ആരെങ്കിലും സഹായം നല്‍കിയിരുന്നോ എന്നതും സംബന്ധിച്ചും പോലീസ് ചോദ്യം ചോദിച്ചെങ്കിലും കൃത്യമായ വിവരങ്ങളല്ല ഷാരൂഖ് നല്‍കിയത്. ഇക്കാര്യങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടത്തും. ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടക്കും.
ദല്‍ഹി കേന്ദ്രീകരിച്ചും പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. യാത്രയില്‍ ഷാറൂഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതില്‍ അടക്കം ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. ഒപ്പം യാത്ര ചെയ്തോ എന്ന കാര്യത്തിലും വ്യക്തത വരുത്തും. അതിനിടെ പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി എം.ആര്. അജിത് കുമാര്‍ അറിയിച്ചു. അപകട സ്ഥലത്ത് കണ്ടെത്തിയ ബാഗ് പ്രതിയുടേതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി. മൂന്ന് പേരുടെ മരണത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന സൂചനകളുടെ കൂടി പശ്ചാത്തലത്തിലാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: