കോട്ടയം: ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ശമ്പള രഹിത സേവമെന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍ തിരികെ വൈക്കം ഡിപ്പോയില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. അഖിലയുടെ സ്ഥലം മാറ്റം ചര്‍ച്ചയാവുകയും ബിഎംഎസ് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റം റദ്ദാക്കിയത്.
വൈക്കം ഡിപ്പോയില്‍ ഇന്ന് രാവിലെ തന്നെ അഖില ജോലിക്കെത്തി. ബിഎംഎസ യൂണിയന് ആരതി ഉഴിഞ്ഞുകൊണ്ടാണ് അഖിലയെ സ്വീകരിച്ചത്. വീണ്ടും പഴയ സ്ഥലത്തു തന്നെ ജോലിയില്‍ തുടരാനായതില്‍ സന്തോഷം. ഇത് തന്റെ വിജയമല്ല. കെഎസ്ആര്‍ടിസിയിലെ 26,000 കുടുംബങ്ങളുടെ പ്രാര്‍ത്ഥനയാണ്. യൂണിയനുകള്‍ രാഷ്ട്രീയം നോക്കാതെ തനിക്കൊപ്പം നിന്നു. മാധ്യമ പ്രവര്‍ത്തകരും തനിക്കുവേണ്ടി നിലകൊണ്ടു. എല്ലാവരോടും തന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നുവെന്നും ജോലിയില്‍ പ്രവേശിച്ചശേഷം അഖില ജന്മഭൂമിയോട് പറഞ്ഞു.
ജനുവരി 11ന് ശമ്പള രഹിത സേവനം 41ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് അഖില ജോലിക്കെത്തിയതാണ് കെഎസ്ആര്‍ടിസിയുടെ നടപടിക്കാധാരം. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി അഖിലയെ ചോദ്യം ചെയ്തിരുന്നു. പിന്നീട് രണ്ട് മാസത്തിന് ശേഷമാണ് അഖിലയെ പാലായിലേക്ക് സ്ഥലം മാറ്റിയത്. അഖിലയുടെ നടപടി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുന്നുവെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ കത്ത് അഖിലയ്ക്ക് ലഭിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞിരുന്നത്. ഉത്തരവ് കൈപ്പറ്റാത്തതിനാല്‍ അവര്‍ ജോലിയിലും പ്രവേശിച്ചിരുന്നില്ല.
ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് ഏറെനാളുകള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം മുക്തി നേടിയിട്ടുള്ള വ്യക്തിയാണ് അഖില. എറണാകുളം അമൃത ആശുപത്രിയിലും,മുട്ടുചിറ ആശുപത്രിയിലുമായി കീമോയും ഓപ്പറേഷനും. ചികിത്സ വരുത്തിയ സാമ്പത്തിക ബാദ്ധ്യത കുന്നുകൂടി. എല്ലാവര്‍ഷവും ചെക്കപ്പിനുള്ള ചെലവും വേറെ. നിരവധി ജീവനക്കാര്‍ ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകളും ഏറിയതോടെ ഇതിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. ജോലിക്കും യാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കാതെ മൗന പ്രതിഷേധമായാണ് ശമ്പള രഹിത സേവനമെന്ന് ബാഡ്ജ് ധരിച്ച് അഖില ജോലിക്കെത്തിയത്. എന്നാല്‍ യാത്രക്കാരില്‍ ആരോ ഇത് ഫോട്ടോ എടുക്കുകയും സമൂഹമാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്ഥലം മാറ്റാന്‍ നടപടി സ്വീകരിച്ചത്. കെഎസ്ആര്‍ടിസി ബിഎംഎസ് യൂണിയന് സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: