ഓര്‍മകള്‍ കൊയ്ത
വരമ്പിലേകാന്തമായ്
പാടുകയാണ് നാം
ഹൃദയത്തിലൂട്ടിയ
പാട്ടുകള്‍…
നീ തന്ന സ്നേഹക്കുറുമ്പിനാല്
വാക്കിന്റെ തുഞ്ചത്ത്
ജീവനതാളം പിടിച്ചതോര്ക്കുന്നുവോ?
എത്ര കടല്ത്തിരയുമായ്
താലോലമാടി നാം,
എത്ര പുഴയ്ക്കുള്ളില്‍
മാരിയായ് തൂളി നാം,
പിടിവിട്ട തെന്നലായ്
പാറിപ്പറന്നു നാം,
സ്നേഹ പാഠം മുഴക്കും
ഹൃത്തുമായ് ചേലിറ്റു വീണതും
ഓര്മയിലുണ്ടുവാ?
വേദനയ്ക്കുള്ള മരുന്നുമായ്
നീ വന്ന സ്നേഹപുലരിയെ
തൊട്ടുണര്‍ത്തുന്നു ഞാന്‍.
മിഴികളില്‍ നാം കണ്ട കടല്‍ പോല്‍
നുരയണം.
നിത്യ സ്നേഹത്തിലോടാന്
ഹൃദയം നിറയ്ക്കണം.
തീയിലേക്കെന്തിനിറങ്ങി
നാമെന്നോര്ത്ത്
വേര്‍പെട്ടു പോകുവാന്‍
വയ്യാത്ത പിടപ്പു നാം.
മഴയ്ക്കുടയ്ക്കുള്ളില്
തോള് ചേര്‍ന്ന നിമിഷങ്ങള്‍
പൊള്ളി നോവിക്കുന്നതേ
സായാഹ്ന മേഘങ്ങള്‍.
കത്തുമീ പൊള്ളലിന്
ഇരയായവര്‍ നമ്മള്,
ആവിക്കു കൂട്ടായ്
വിയര്ക്കുവോര് നാമല്ലേ.
എന്നോ ഉലഞ്ഞ താം
വിരഹച്ചിറകുമായ്
ശൂന്യനിമിഷങ്ങളില്
വിധി കായുവോര് നമ്മള്.
ആവില്ല നമ്മള്ക്കൊരിക്കലും
സ്നേഹത്തിലോടുന്ന
മധുരം കുറയ്ക്കുവാന്‍
സ്നേഹത്തിലുറയുന്ന
പ്രാണന് പിളര്ത്തുവാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: