തിരുവനന്തപുരം: ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ വെര്‍ട്ടിക്കല്‍ പ്ലാറ്റ്ഫോമായ വേ ഡോട്ട് കോമിന്റെ (way.com) സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്കുന്ന മുച്ചക്ര വാഹനം മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്തു. സെക്രട്ടേറിയറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി റഹീമിനാണ് സ്കൂട്ടര്‍ സമ്മാനിച്ചത്.
ലോട്ടറി കച്ചവടക്കാരനായ റഹീം മുച്ചക്ര വാഹനത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട വേ ഡോട്ട് കോം അധികൃതര്‍ റഹിമിന് സ്കൂട്ടര്‍ നല്കാന് തയ്യാറായി മുന്നോട്ടു വരികയായിരുന്നു.
അമേരിക്കയിലെ മലയാളി സംരംഭകനായ ബിനു ഗിരിജയാണ് അമേരിക്ക ആസ്ഥാനമായ വേ ഡോട്ട് കോമിന്റെ സ്ഥാപകന്‍. കാര്‍ ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, പാര്‍ക്കിംഗ്, കാര്‍ വാഷ്, റോഡ് സൈഡ് അസിസ്റ്റന്‍സ് ഉള്‍പ്പടെയുള്ള വാഹനസംബന്ധമായ പ്രതിവിധികള്‍ ലഭ്യമാക്കുന്ന വേ ഡോട്ട് കോമിന്റെ 200 ജീവനക്കാരുള്‍പ്പെടുന്ന അനുബന്ധ ഓഫീസ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികലാംഗരും നിരാലംബരുമായ ചെറുകിട സംരംഭകരെ പിന്തുണയ്ക്കുന്നതിനായിട്ടാണ് മുച്ചക്ര സ്കൂട്ടര്‍ നല്‍കുന്നതെന്ന് വേ ഡോട്ട് കോം സി.ഇ.ഒ ബിനു ഗിരിജ പറഞ്ഞു.
സിലിക്കണ്‍ വാലിയില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന വേ ഡോട്ട് കോം യാത്രകള്‍ ലളിതമായി സാധ്യമാക്കുകയും മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ്- റി ഫിനാന്‍സ്, വാഹനങ്ങള്‍ക്ക് റോഡില്‍ ആവശ്യമായ സഹായം എന്നിവ പ്രദാനം ചെയ്യുന്നുണ്ട്. ഏകീകൃത പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഉപഭോക്താക്കള്‍ക്കാണ് സേവനങ്ങള്‍ എത്തിക്കുന്നത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന ഈ ഓട്ടോ ഫിന്‍ടെക് പ്ലാറ്റ് ഫോം മിതമായ നിരക്കാണ് ഈടാക്കുന്നത്.
മിതമായ നിരക്കില്‍ മികച്ച കാര്‍ സേവനങ്ങള്‍ ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വേ ഡോട്ട് കോം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: