ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ മാതൃകയില്‍ ശാരദാപീഠത്തിലേക്ക് ഇടനാഴി തീര്‍ക്കണമെന്ന് പാക് അധിനിവേശ കശ്മീരില്‍ പ്രമേയം. ചരിത്രപ്രസിദ്ധമായ ശാരദാപീഠത്തിലേക്ക് ഇടനാഴി തീര്‍ക്കുമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിഒകെ അസംബ്ലി നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്.
കുപ്വാരയിലെ തിത്വാളിലെ നിയന്ത്രണരേഖയില്‍ നീലം നദിയുടെ തീരത്ത് നവീകരിച്ച ശ്രീശാരദാക്ഷേത്രം സമര്‍പ്പിക്കുന്ന ചടങ്ങിലാണ് പാക്കധിനിവേശ കശ്മീരിലെ ശ്രീശാരദാപീഠത്തിലേക്ക് കോറിഡോര്‍ നിര്‍മ്മിക്കുമെന്ന് അമിത് ഷാ പറഞ്ഞത്. ഏഴര പതിറ്റാണ്ടായി മാതാ ശാരദ തന്റെ ഭക്തരെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരര്‍ തകര്‍ത്തുകളഞ്ഞ ശ്രീശാരദാക്ഷേത്രം മാര്‍ച്ച് 22 നാണ് ഭക്തര്‍ക്ക് തുറന്നുകൊടുത്തത്.
അമിത് ഷായുടെ നിര്‍ദേശത്തെ പിന്തുണയ്ക്കുന്ന പിഒകെ നിയമസഭയുടെ പ്രമേയത്തെ അനുകൂലിച്ചും എതിര്‍ത്തും പാകിസ്ഥാനില്‍ വിവാദം കൊഴുക്കുകയാണ്. പാക് ഭരണകക്ഷിയായ തെഹ്രീകെ ഇന്‍സാഫിന്റെ പ്രതിനിധി ജാവേദ് ബട്ടാണ് നിയമസഭയില്‍ ഈ നിര്‍ദേശം കൊണ്ടുവന്നത്. അതിര്‍ത്തിക്കപ്പുറത്ത് താമസിക്കുന്ന കശ്മീരികള്‍ക്ക് പരസ്പരം കാണാനുള്ള അവസരം നല്‍കണമെന്ന് നിര്‍ദേശത്തില്‍ പാക് ഭരണകൂടത്തോടും പിഒജെകെ സര്‍ക്കാരിനോടും ബട്ട് ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ശാരദാപീഠത്തിലെയും സമീപ പ്രദേശങ്ങളിലെയും അവരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണം. അത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശത്തെ ജനങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപകരിക്കും, ബട്ട് പറഞ്ഞു.
അതേസമയം ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് നിര്‍ദേശത്തെ അപലപിച്ചു. നിര്‍ദേശത്തിന് പിന്നില്‍ അമേരിക്കന്‍ ഗൂഢാലോചനയാണെന്നു ചൈനയുമായുള്ള പാകിസ്ഥാന്റെ ബന്ധം നശിപ്പിക്കാനുള്ള നീക്കമാണെന്നും ബാസിത് ആരോപിച്ചു. കശ്മീര്‍ തര്‍ക്കത്തെക്കുറിച്ച് ഈ നിര്‍ദേശം കൊണ്ടുവന്നവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നുവെന്ന് ബാസിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: