ദീപ്തി എം.ദാസ്
ഏതാനും വര്‍ഷം മുന്‍പ് വന്‍പ്രളയത്തില്‍ കേരളം മുങ്ങിയ ദിനങ്ങള്‍. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് അപരിഹാര്യമായി നീണ്ടപ്പോള്‍ തന്റെ വസതിക്കു മുന്നിലൂടെയൊഴുകുന്ന കാന വൃത്തിയാക്കാന്‍ ഒരാള്‍ കൈക്കോട്ടുമായി മഴയത്തിറങ്ങി. അതൊരു ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസായിരുന്നു. പേര്, തോട്ടത്തില്‍ ബി.രാധാകൃഷ്ണന്. പ്രായോഗികതയിലും മാനുഷികതയിലും ഊന്നിയ കര്‍മജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
മനുഷ്യനുവേണ്ടി പ്രകൃതിയെ ഒന്നാം സ്ഥാനത്തു നിര്‍ത്തിയുള്ള വിധികളായിരുന്നു അദ്ദേഹത്തിന്റേത്. പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് ഇദ്ദേഹത്തിന്റെ വിധി ന്യായത്തെ തുടര്‍ന്നാണ്. ഇവ കത്തിക്കുന്നത് മൂലം അനുഭവപ്പെടുന്ന അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്നവും കണക്കിലെടുത്തായിരുന്നു ഈ നടപടി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടി എടുക്കാന്‍ പോലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കുക കൂടി ചെയ്തു. കേരള പുഴ സംരക്ഷണ സമിതി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
കുടിവെള്ള ടാങ്കറില്‍ കക്കൂസ് മാലിന്യം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ഔദ്യോഗിക വാഹനത്തില്‍ പിന്തുടര്ന്ന് പിടികൂടിയതു വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്തപ്പോള്‍ ബംഗാളിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരോടും കോടതിയിലെ സ്റ്റാഫിനോടും ജഡ്ജിമാരെ ‘മി ലോഡ്’, ‘യുവര്‍ ലോഡ്ഷിപ്പ്’ എന്ന് വിളിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു കത്ത് നല്‍കിയതിലൂടെ തൊഴിലിടത്തെ സമത്വത്തിന്റെ സന്ദേശം അദ്ദേഹം നല്കി.
കോളാറിലെ കെജിഎഫ് ലോ കോളജില്‍നിന്നാണ് നിയമബിരുദം നേടിയത്. 1983ല്‍ അഭിഭാഷകനായി തിരുവനന്തപുരത്ത് പ്രാക്ടീസ് തുടങ്ങി. 1988ല്‍ പ്രാക്ടീസ് ഹൈക്കോടതിയിലേക്ക് മാറ്റി. 2004 ഒക്ടോബര്‍ 14നാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനാകുന്നത്. 12വര്‍ഷക്കാലം കേരള ഹൈക്കോടതി ജസ്റ്റിസായിരുന്നു. പ്രഗത്ഭനായ ന്യായാധിപനും സാമൂഹ്യ പ്രശ്നങ്ങളില്‍ ചടുലമായി പ്രതികരിക്കാന്‍ സന്നദ്ധത കാണിച്ച വ്യക്തിയുമായിരുന്നു തോട്ടത്തില്‍ ബി.രാധാകൃഷ്ണന്. പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഭരണകൂടം വീഴ്ച വരുത്തുമ്പോള്‍ നേരിട്ടിറങ്ങി ഇടപെടുന്ന ന്യായാധിപനായിരുന്നു ഇദ്ദേഹം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൗരന്മാര്ക്ക് നീതി ഉറപ്പാക്കിയിരുന്ന അദ്ദേഹം സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയത് മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ്.
ദേവസ്വം വിഷയങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് നടത്തിയ പല വിധികളും പരാമര്‍ശങ്ങളും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമര്‍ശനമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. പക്ഷികളെ വേട്ടയാടുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ചു. അനധികൃത പക്ഷി-മൃഗ കടത്തുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അരിജിത് ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. സുന്ദര്‍ബന്‍ ബയോസ്ഫിയര്‍ ഏരിയ, സുന്ദര്‍ബന്‍ ടൈഗര്‍ റിസര്‍വ്, അതിനോട് ചേര്‍ന്നുള്ള റിസര്‍വ് തുടങ്ങിയ പ്രദേശങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യരുടെ ഇടപെടലും നിരോധിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് അദ്ദേഹം ഉള്‍പ്പെടുന്ന ബെഞ്ച് നിര്‍ദേശിച്ചു. മറ്റൊരു സുപ്രധാന വിധിയില്‍ പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെ അനധികൃതവും അനിയന്ത്രിതവുമായ കശാപ്പിനു വിധേയമാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനോട് അദ്ദേഹം നിര്‍ദേശിച്ചു.
പട്ടം പറത്തല്‍ ഉത്സവത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ‘മഞ്ജ’ (പട്ടം പറത്താന്‍ ഉപയോഗിക്കുന്ന പൊടിച്ച ഗ്ലാസ് കൊണ്ട് പൊതിഞ്ഞ നൈലോണ്‍ നൂല്) നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും അത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സംസ്ഥാനത്തോട് നിര്‍ദേശിക്കുകയും ചെയ്തു. അദ്ദേഹം തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ പഴങ്ങളും പച്ചക്കറികളും പഴുപ്പിക്കാന്‍ കാര്‍ബൈഡ് ഉപയോഗിക്കുന്നത് പൂര്‍ണമായും അനുവദനീയമല്ലെന്ന് വിധിക്കുകയും ചെയ്തു. അതുകൂടാതെ പശ്ചിമ ബംഗാളിലെ വിവിധ തലങ്ങളിലുള്ള കോടതികളില്‍ കെട്ടിക്കിടന്നിരുന്ന വനം പരിസ്ഥിതി -വന്യമൃഗ സംബന്ധിയായ കേസുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കുവാന്‍ അദ്ദേഹം മുന്‍കൈയടുത്ത് നിര്‍ദേശം നല്കുകയുമുണ്ടായി. ഇങ്ങനെ, തന്റെ കര്മമേഖലയില് ഉടനീളം മനുഷ്യനെയും പ്രകൃതിയെയും സുസ്ഥിരജീവിതത്തിന്റെ തുല്യ പ്രാധാന്യമുള്ള രണ്ടുതട്ടുകളായി കണ്ടുള്ള വിധികളും നിരീക്ഷണങ്ങളുമാണ് അദ്ദേഹം നടത്തിയത്. മനുഷ്യനെപ്രതി പ്രകൃതിയെ കാത്ത നീതിയുടെ ഹരിതസൂര്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: