ഭരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷമാക്കാന്‍ 100 കോടിയോളം രൂപ ചെലവഴിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ വെല്ലുവിളിക്കുന്നത് മാത്രമല്ല, പാവപ്പെട്ട ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലും ഇല്ലാതാക്കുന്നതുമാണ്. കാലിയായ ഖജനാവില്‍നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം 2023 പ്രദര്‍ശന വിപണന സേവന മേള’ വലിയ ജനദ്രോഹമാണെന്ന് പകല്‍പോലെ വ്യക്തം. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പരിപാടികള്‍ ജനങ്ങളെ കാണിക്കാനും, കേരളം ഒന്നാമതെത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുമാണ് ഈ പരിപാടി നടത്തുന്നത്. പിആര്‍ഡി വഴിയും അല്ലാതെയും ഇതുതന്നെയാണല്ലോ കഴിഞ്ഞ രണ്ട് വര്‍ഷം സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനമായ പിആര്‍ഡിക്കു പുറമെ പ്രതിമാസം ലക്ഷക്കണക്കിന് രൂപ ശമ്പളത്തിനായി നീക്കിവയ്ക്കേണ്ടിവരുന്ന നിരവധി നിയമനങ്ങളും നടത്തിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവായിരിക്കാം രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായും പ്രചാരണ കോലാഹലത്തിന് സര്‍ക്കാര്‍ മുതിരുന്നത്. ജില്ലാതല മെഗാമേളകള്‍ സംഘടിപ്പിക്കുന്നതിനായി നാലരക്കോടി രൂപയോളം അനുവദിച്ചിട്ടുള്ളതും, ആഘോഷം കൊഴുപ്പിക്കാന്‍ പ്രധാന വകുപ്പുകളില്‍ നിന്നും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും പണമൊഴുക്കാനുള്ള ഉത്തരവ് നികുതി പണം ഉപയോഗിച്ചുള്ള അഴിമതിയാണ്. മന്ത്രിമാരും പാര്‍ട്ടിനേതാക്കളുമടക്കമുള്ളവര്‍ നടത്തുന്ന വന്‍ അഴിമതികള്‍ക്ക് സമാന്തരമായി താഴെത്തട്ടിലേക്കും അത് വ്യാപിപ്പിച്ച് ജനകീയവല്‍ക്കരിക്കുന്ന രീതിയാണിത്. ജില്ലാതല മേളകള്‍ക്ക് ചെലവഴിക്കുന്ന തുകയില്‍ ഏറിയ കൂറും പാര്‍ട്ടി നേതാക്കളുടെയും മറ്റും പോക്കറ്റുകളിലേക്കാവും പോവുക. എല്ലാവര്ക്കും വീതം ലഭിക്കുമെന്നതിനാല്‍ ആരും ഇത് ചോദ്യം ചെയ്യാന്‍ പോകുന്നില്ല. ആസൂത്രിതമായി ഇങ്ങനെയൊരു അവസരം സൃഷ്ടിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരെ ദുര്‍ഭരണത്തിനൊപ്പം നിര്‍ത്തുകയെന്നതാണ് തന്ത്രം.
ജനദ്രോഹത്തിന്റെ കേരള മോഡലുകളിലൊന്നാണ് ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെയുള്ള, അവരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുമൊക്കെ തള്ളിവിടുന്ന ഇത്തരം സര്‍ക്കാര്‍ കാര്‍ണിവലുകള്‍. ഇന്ധന നികുതിയും കരങ്ങളും അവശ്യസാധന വിലയുമൊക്കെ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന പണമാണ് ഇപ്രകാരം ധൂര്‍ത്തടിക്കുന്നത്. നികുതിഭാരം അടിച്ചേല്‍പ്പിച്ചും വില വര്‍ധിപ്പിച്ചും ജനങ്ങളെ പിടിച്ചുപറിക്കാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള യാതൊരു മാര്‍ഗവും സ്വീകരിക്കാതെ, അതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കുകപോലും ചെയ്യാതെ ധനസ്ഥിതി തകരാറിലാക്കിയ ഒരു ഭരണസംവിധാനമാണ് സംസ്ഥാനത്തുള്ളത്. സാമ്പത്തികവ്യവസ്ഥയെ കരകയറ്റാന്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനെപ്പോലെ കടമെടുത്തും കള്ളം പറഞ്ഞും മുന്നോട്ടുപോകുന്ന ധനമന്ത്രിയാണ് നമുക്കുള്ളത്. സ്വന്തം കഴിവുകേടും പിടിപ്പുകേടും മറച്ചുപിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്നതിലാണ് ഈ മന്ത്രിക്ക് വൈദഗ്ദ്ധ്യം. വസ്തുതകള്‍ മൂടിവച്ചും യാഥാര്‍ത്ഥ്യം കാണാന്‍ കൂട്ടാക്കാതെയും സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. ധനമന്ത്രി മുഖ്യമന്ത്രിയുടെയും സ്വന്തം പാര്‍ട്ടിയുടെയും താളത്തിന് തുള്ളുകയാണ്. സര്‍ക്കാര്‍ എന്നത് ഒരു തുടര്‍ച്ചയാണെന്നും, ഭരിക്കുന്നവരാണ് മാറിക്കൊണ്ടിരിക്കുന്നതെന്നുമുള്ള സത്യം വിസ്മരിച്ച് അങ്ങേയറ്റം നിരുത്തരവാദപരമായാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ധനകാര്യം കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് ബാലഗോപാല്‍. വ്യത്യസ്തനാക്കുന്ന ഒരു ഘടകം മുഖ്യമന്ത്രിയോടുള്ള വിധേയത്വം മാത്രമാണ്.
എന്താണ് പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയം എന്നു ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ ഉത്തരം പറയാം. അഴിമതിയും ധൂര്‍ത്തും. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇത് നിര്‍ബാധം തുടരുകയാണ്. പിണറായി സര്‍ക്കാരിന്റെ സര്‍വ പദ്ധതികളും അഴിമതിയുടെ കറ പുരണ്ടതാണ്. കോഴയായി കോടികള്‍ മറിയുന്ന കരാറുകളിലും ഇടപാടുകളിലും മാത്രമാണ് സര്‍ക്കാരിന് താല്‍പ്പര്യം. ബ്രഹ്മപുരത്തെ മാലിന്യ നിര്‍മാര്‍ജന കരാര്‍ ഇതിനു തെളിവാണ്. പ്രമുഖ പാര്‍ട്ടി നേതാവിന്റെ ബന്ധുവിന് നികുതിപ്പണത്തില്‍നിന്ന് കോടിക്കണക്കിന് രൂപ കരാര്വ്യവസ്ഥകളൊന്നും പാലിക്കാതെതന്നെ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങളെ തൊലിക്കട്ടികൊണ്ട് നേരിട്ട് അഴിമതിയൊന്നുമില്ലെന്ന് മുഖ്യമന്ത്രിയും കൂട്ടാളികളും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്. ബ്രഹ്മപുരത്ത് ആരോപണ വിധേയമായ സോണ്ട കമ്പനിക്ക് മറ്റ് പലയിടങ്ങളിലും കരാര്‍ നല്‍കിയിട്ടുണ്ട്. ഇതിനുപിന്നിലെ അഴിമതിയുടെ ദുര്‍ഗന്ധവും ഉയര്‍ന്നുകഴിഞ്ഞു. ആസൂത്രിതമായി അഴിമതിയും ധൂര്‍ത്തും നടത്താനും അതൊക്കെ വെളിപ്പെടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനവും പാര്‍ട്ടി സംവിധാനവും ഒരുമിച്ച് ഉപയോഗിച്ച് സംഘടിതമായ പ്രചാരവേലയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, പണശക്തി ഉപയോഗിച്ച് കോടതികളെപ്പോലും മറികടക്കാനും കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തിലൂടെ ദുര്‍വിനിയോഗം ചെയ്തുവെന്ന കേസിന്റെ പരിണാമം വലിയ ചോദ്യ ചിഹ്നം ഉയര്‍ത്തിയിരിക്കുകയാണല്ലോ. ഇതിനിടെയാണ് ഭരണവാര്‍ഷികം ആഘോഷമാക്കാന്‍ ധൂര്‍ത്തിന്റെ മഹാമേള സംഘടിപ്പിക്കുന്നത്. ഈ ദുര്‍ഭരണത്തെ ഇനിയും തുടരാന്‍ അനുവദിക്കുന്നത് ശ്രീലങ്കയെയും പാകിസ്ഥാനെയും പോലെ കേരളത്തെ സമ്പൂര്‍ണ നാശത്തിലെത്തിക്കും. ജനജീവിതത്തെ ദുരിതത്തിലാഴ്ത്തും. ഈ ആപത്ത് ഒഴിവാക്കാന്‍ ജനങ്ങള്‍ ബോധവാന്മാരാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: