തിരുവനന്തപുരം: പ്രവാസികള്‍ എന്നും കറവപ്പശുക്കളായിരുന്നെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരെ വേണമെന്നും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. പിന്നീട് പ്രവാസികള്‍ കറിവേപ്പിലയാകുന്നുവോ എന്നത് ഗൗരവപൂര്‍വം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കണ്‍വെഷനില്‍ സംസ്ഥാനത്തെ മികച്ച മന്ത്രിക്കുള്ള പുരസ്കാരം പി.എ.മുഹമ്മദ് റിയാസിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ ലോകത്തെ അഭിപ്രായ നിര്‍മ്മാതാക്കളാണ്. അതില്‍ പ്രധാനികള്‍ മലയാളികളാണ്. ഏത് സാമൂഹിക ജീവിതത്തോടും മലയാളികള്‍ പെട്ടെന്ന് ഇഴുകിച്ചേരും. അമേരിക്കയിലെ വരുമാനത്തിന്റെ ആറ് ശതമാനം ഇന്ത്യക്കാരുടേതാണ്. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. 26 വര്‍ഷത്തെ ചരിത്രമെടുത്താല്‍ കുറ്റകൃത്യങ്ങളില്‍ കേരളം മുകളിലാണെന്ന് മനസിലാകും. രാജ്യത്ത് പേരുമാറ്റല്‍ മഹാമാരി പടരുകയാണെന്ന് ഫൊക്കാന ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനും പി.എസ്.ശ്രീധരന് പിള്ളറുപടി നല്കി. രാജ്യത്തെ ഏകീകരിക്കാന്‍ ഏതെങ്കിലുമൊരു മതത്തിന് കഴിയില്ല. എന്നാല്‍, കലാകാരന്മാര്ക്കും സാഹിത്യകാരന്മാര്ക്കും കഴിയും. ഒരു രാജ്യത്തെ നൂറ് ശതമാനം ജനങ്ങളും ഒരു പ്രത്യേക മതത്തിലെ വിശ്വാസികള്‍ മാത്രമായാല്‍ അതിനെ ബഹുമത രാഷ്ട്രമായി കാണാനാവില്ല. രാഷ്ട്രീയത്തില്‍ അന്യോന്യം കല്ലെറിയലുകളല്ല വേണ്ടത്. കാണുകയും സംസാരിക്കുകയും പരസ്പരം ബന്ധങ്ങള്‍ വളര്‍ത്തുകയും വേണം. കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ ഈ ബന്ധങ്ങള്‍ സഹായകമാകുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
തനിക്ക് ലഭിച്ച പുരസ്കാരം സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍ക്കുമുള്ള അംഗീകാരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഭാവിയില്‍ കഠിനാദ്ധ്വാനത്തിനുള്ള ഊര്‍ജമാണിത്. ഉന്നത വിദ്യാഭ്യാസം, മാലിന്യ വിഷയം എന്നിവയില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ഫൊക്കാനയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് തുടരും. ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വികസനകാര്യത്തില്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവും.1957ലെ സര്‍ക്കാര്‍ മുതല്‍ ഇതുവരെയുള്ള മന്ത്രിസഭകളിലെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വനിതകളുള്ളത് ഈ സര്‍ക്കാരിലാണ്. മൂന്ന് പേര്. അത് കൂടുതലാണെന്ന അഭിപ്രായമില്ല. സ്ത്രീപ്രാതിനിദ്ധ്യം ഇനിയും വര്‍ദ്ധിപ്പിക്കണം. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് ഒരു വനിതാ എം.എല്‍.എ ഉണ്ടാവാന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. അതേസമയം മുസല്‍ം ലീഗിനാകട്ടെ ഒരു വനിതാഎം.എല്‍.എ പോലുമില്ലെന്നും ഇത് ആരെയും കുറ്റപ്പെടുത്താനല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യവസായി ജെ.കെ.മേനോനെ ചടങ്ങില്‍ ആദരിച്ചു. കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ പ്രവാസി സാഹിത്യ അവാര്‍ഡ് പ്രവാസി എഴുത്തുകാരനായ മന്‍സൂര്‍ പള്ളൂരിനും ഫൊക്കാന സാഹിത്യ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന് വി.ജെ ജയിംസിനും കവി രാജന് കൈലാസിനും ശ്രീധരന് പിള്ള സമ്മാനിച്ചു. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷനായി. ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ.കല ഷാഹി, കേരളീയം ചെയര്മാന് പി.വി. അബ്ദുള്‍ വഹാബ് എം.പി, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, ഫൊക്കാന വാഷിംഗ്ടണ്‍ റീജിയന് വൈസ് പ്രസിഡന്റ് ജോണ്സണ് തങ്കച്ചന്, ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, കേരളീയം വൈസ് ചെയര്മാന് സരോഷ് പി. എബ്രഹാം, ഫൊക്കാന വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: