തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തി കോടികള്‍ പൊടിക്കുന്നത് ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 15 രൂപയുടെ വ്യത്യാസമാണ് ഇന്നു മുതല്‍ ഇന്ധനവിലയുടെ കാര്യത്തില്‍ കേരളത്തിലുണ്ടാകുന്നത്. ഇന്ധന നികുതി വര്‍ദ്ധനവ് പ്രാബല്ല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്.
ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും അവസ്ഥയിലേക്കാണ് കേരളവും പോവുന്നത്. വരുംദിവസങ്ങളില്‍ ജന ജീവിതം കൂടുതല്‍ ദുസഹമാവും. അപ്പോഴാണ് 50 കോടി രൂപ പൊതുഖജനാവില്‍ നിന്നും എടുത്ത് സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികം മലയാളികളെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ദുരന്ത ദിവസമാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല എക്‌സിബിഷന് മാത്രം നാലര കോടിയോളം തുകയാണ് ചിലവഴിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും സാമ്പത്തിക തകര്‍ച്ചയുമല്ലാതെ എന്ത് നേട്ടമാണ് ഈ സര്‍ക്കാരിന് അവകാശപ്പെടാനുള്ളതെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു.
ജനങ്ങളുടെ മേല്‍ വലിയ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്ന പിണറായി വിജയന്‍ വന്‍കിടക്കാരുടെ നികുതി പിരിക്കാന്‍ ശ്രമിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഖജനാവിലെത്താത്തത്. സര്‍ക്കാര്‍ എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കടം വാങ്ങി കടം വാങ്ങി ശമ്പളവും പെന്‍ഷനും കൊടുക്കുകയല്ലാതെ കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കാന്‍ ധനകാര്യ വകുപ്പ് മന്ത്രി തയ്യാറാവണം. കെഎസ്ആര്‍ടിസി ശമ്പളം നല്‍കാത്തതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച ജീവനക്കാരിയെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ശമ്പളം ചോദിക്കുമ്പോള്‍ പകവീട്ടുന്നത് ജനാധിപത്യവിരുദ്ധമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: