തിരുവനന്തപുരം: ഉത്സവ സീസണില്‍ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തര്‍സംസ്ഥാന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈസ്റ്റര്‍, വിഷു, റംസാന് പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളില്‍ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.
നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം ബസ് ഉടമകള്‍ക്കായിരിക്കും. ഉത്സവ സീസണിലെ വാഹന പരിശോധനയ്ക്കായി സ്ക്വാഡ് രൂപീകരണത്തിനായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ നാളെ പ്രത്യേക യോഗം ചേരും. കോണ്‍ട്രാക്ട് കാരിയേജ് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറിലും ജിപിഎസ്സിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം വേഗതയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവധിക്കാലവും ഉത്സവ സീസനും പ്രമാണിച്ച് കൂടുതല്‍ ബസ് സര്‍വീസ് നടത്തുവാന്‍ കെഎസ്ആര്‍ടിസിക്ക് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. നിലവാരമുള്ള ക്യാമറകളുടെ ദൗര്‍ലഭ്യവും കൂടുതല്‍ ക്യാമറകള്‍ ആവശ്യം വന്നപ്പോള്‍ കമ്പനികള്‍ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും ക്യാമറ വാങ്ങാനുള്ള കെഎസ്ആര്‍ടിസിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്നതും പരിഗണിച്ചാണ് തീയതി നീട്ടിയത്.
സ്റ്റേജ് കാരിയേജുകള്‍ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകള്‍ക്കും കോണ്ടാക്ട് കാരിയേജുകള്‍ക്കും ക്യാമറകള്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാന്‍ നേരത്തെ നല്കിയ സമയപരിധി മാര്‍ച്ച് 31വരെയായിരുന്നു. ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: