കൊച്ചി:സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി മലയാളസിനിമയില്‍ അരങ്ങേറുകയാണ്. കുമ്മാട്ടിക്കളി എന്നാണ് സിനിമയുടെ പേര്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചാണ് സിനിമയുടെ പൂജയും ഷൂട്ടിംഗും ആരംഭിച്ചത്.
തമിഴ് സംവിധായകൻ ആർ കെ വിൻസെന്റ് മലയാളത്തില്‍ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുകയാണ് ‘കുമ്മാട്ടിക്കളി’യില്‍. നേരത്തെ തമിഴില്‍ ചിമ്പു, വിജയ് എന്നിവരെ നായകരാക്കി ചിത്രം ചെയ്തിട്ടുള്ള സംവിധായകനാണ് ആര്.കെ. വിന്‍സെന്റ്. ഭരതന്റെ സിനിമയായ അമരത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് കുമ്മാട്ടിക്കളിയുടെ കഥയും തിരക്കഥയും തയ്യാറാക്കിയതെന്ന് വിന്‍സെന്റ് പറയുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ആലപ്പുഴ സാന്ത്വൻ സ്പെഷ്യൽ സ്കൂളിൽ വച്ചാണ് നടന്നത്. അച്ഛനെ പോലെ തീപൊരി ആകണമെന്നാണ് മാധവ് സുരേഷിനോട് ആരാധകര്‍ പ്രതികരിക്കുന്നത്.
സൂപ്പർഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് ചിത്രമാണ് കുമ്മാട്ടിക്കളി. പൂജാ ചടങ്ങിൽ നിർമ്മാതാവ് ആർ ബി ചൗധരിയും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. തമിഴില്‍ നിന്നും കന്നടയില്‍ നിന്നും നടീനടന്മാര് അഭിനയിക്കുന്നു. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
സംവിധായകൻ ആർ കെ വിൻസെന്റ് സെൽവ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം വെങ്കിടേഷ് വി, പ്രോജക്ട് ഡിസൈനർ -സജിത്ത് കൃഷ്ണ, സംഗീതം -ജാക്സൺ വിജയൻ, ലിറിക്സ് -സജു എസ്, ആർ കെ വിൻസെന്റ് സെൽവയും രമേശ് അമ്മനത്തും ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ആന്റണിയാണ് എഡിറ്റർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: