ചണ്ഡീഗഢ് : ഖാലിസ്ഥാന്‍വാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കുമെന്ന് പഞ്ചാബ് പോലീസ് റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തോളമായി ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. അതിനിടയിലാണ് അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികളിലും മറ്റും കര്‍ശ്ശന ജാഗ്രതയേര്പ്പെടുത്തിയിരിക്കുകയാണ്.
സുവര്‍ണ്ണ ക്ഷേത്രത്തിനു മുന്പില് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അമൃത്പാല്‍ സിങ്ങിനായി ഹോഷിയാര്‍പൂരില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഉപാധികളോടെയാവും അമൃത്പാല്‍ സിങ് കീഴടങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അമൃത്പാല്‍ സിങ് മാര്‍ച്ച് 21ന് ദല്‍ഹിയില്‍ എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ദല്‍ഹിയിലേതെന്ന് സംശയിക്കുന്ന അമൃത്പാലും സഹായിയും ഇന്നോവ കാറില്‍ ഒളിച്ചു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദല്‍ഹിയിലേക്ക് ഒളിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.
അമൃത്പാല്‍ സിങ്ങിനായുള്ള തെരച്ചില്‍ നേപ്പാള്‍ വരെ എത്തി നില്‍ക്കുമ്പോഴാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. സിഖ് തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് നടന്നു നീങ്ങുന്ന അമൃത്പാല്‍ സിങ്ങാണ് ദൃശ്യങ്ങളിലുള്ളത്. സഹായിയായ പല്‍പ്രീത് സിങും അമൃത്പാലിനൊപ്പമുണ്ട്.
നേരത്തെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ അമൃത്പാല്‍ താമസിച്ചതായുള്ള തെളിവുകള്‍ പഞ്ചാബ് പോലീസിന് ലഭിച്ചിരുന്നു. കുരുക്ഷേത്രയില്‍ നിന്ന് അമൃത്പാല്‍ ദല്‍ഹിയിലേക്ക് കടന്നതായാണ് വിലയിരുത്തുന്നത്. അമൃത്പാലിനായി മാര്‍ച്ച് 18നാണ് അമൃത്പാല്‍ ഒളിവില്‍ പോയത്. നിലവില്‍ ഇയാള്‍ നേപ്പാളിലേക്ക് കടന്നതായാണ് സംശയം. ഇതിനെ തുടര്‍ന്ന് ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം നേപ്പാള്‍ സര്‍ക്കാര്‍ രാജ്യത്ത് നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെടുത്തി അമൃത്പാലിനായി തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് അമൃത്പാലിന്റെ അഭിഭാഷകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: