വിജയ് സി. എച്ച്
ഇക്കുറി ചൂട് ഇത്തിരി കൂടുതലാണ്! മാര്‍ച്ച് മാസമായാല്‍ എല്ലാവരും പറഞ്ഞു തുടങ്ങുന്നൊരു കാര്യമാണിത്. വെയിലത്ത് വിയര്‍ത്തൊലിക്കുമ്പോള്‍ എല്ലാ വര്‍ഷവും നാം ഈ അഭിപ്രായം പറയാറുണ്ടെന്നതാണ് വാസ്തവം. ഒറ്റപ്പെട്ട മഴ ലഭിച്ചാലും അതു കഴിയുമ്പോള്‍ ചൂട് ഇരട്ടിക്കും.
എന്നാല്‍ ഈ പുഴുക്ക കാലം ഒരു അനുഗ്രഹമായി കരുതുന്നവരാണ് വഴിയോരങ്ങളിലെ ഇളനീര് വ്യാപാരികള്‍. താപനില കുത്തനെ ഉയരാന്‍ തുടങ്ങുന്ന ഫെബ്രുവരിയില്‍ ആരംഭിച്ചു, ജൂലായില്‍ കാലവര്‍ഷം ഭൂമിയെ തണുപ്പിക്കുന്നതു വരെയുള്ള ആറു മാസമാണ് അവരുടെ സീസണ്.
വേനല്‍കാലമാണ് ഇളനീര് കച്ചവടത്തിന്റെ സ്വാഭാവികമായ സീസണെങ്കിലും, കുപ്പികളിലും ടെട്രാപേക്കുകളിലും ലഭിയ്ക്കുന്ന സോഫ്റ്റുഡ്രിങ്കുകള് അനാരോഗ്യകരമായി മാറിയതോടെ ഇളനീരിന്റെ വില്പന കൊല്ലം മുഴുവനും നടക്കുന്നുണ്ടെന്ന് വഴിയോര വ്യാപാരി മുസ്തഫ എറച്ചംവീട് പറയുന്നു.
തൃശ്ശൂരിലെ പ്രശസ്തമായ അശ്വിനി ഹോസ്പിറ്റലിന്റെ പാട്ടുരായിക്കല്‍ റോഡിലുള്ള ന്യൂ ബ്ലോക്കിനു സമീപം ഇരുപത്തിയൊന്നു വര്‍ഷം തടര്ച്ചയായി ഇളനീര് സ്റ്റാള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുസ്തഫ പൂരനഗരിയിലെ ഏറ്റവും സുപരിചിതനായ ദാഹശമനി വില്‍പ്പനക്കാരനാണ്.
”അശ്വിനിയുടെ പുതിയ ബ്ലോക്കും, റോഡിന് എതിര് വശത്തുള്ള ബിസ്മി ഹൈപ്പര്മാര്ട്ടും, അതിനടുത്തുള്ള സീതാറാം തേജലിന്റെ പടുകൂറ്റന്‍ കെട്ടിടവും, അതുപോലെ നിരവധി സ്ഥാപനങ്ങളും അശ്വിനി ജങ്ഷനില്‍ പ്രത്യക്ഷപ്പെട്ടത് എന്റെ ഇളനീര് സ്റ്റാള്‍ എത്തിയതിനു എത്രയോ ശേഷമാണ്” മുസ്തഫ അഭിമാനം കൊണ്ടു.
എല്ലാ കാലത്തും ചിലവുള്ള ഒരു പാനീയമായി ഇളനീര് മാറിയതിനു മറ്റൊരു കാരണം, ഇളനീര് കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ രോഗികളോട് ഇക്കാലങ്ങളില്‍ നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയതാണത്രെ.
”അയല്പക്കത്തുള്ള അശ്വിനിയിലെ ഡോക്ടര്‍മാരും രോഗികളും എന്റെ പതിവു സന്ദര്‍ശകരാണ്. ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോള്‍ രണ്ട് ഇളനീര് ചെത്തി വാങ്ങി വീട്ടിലേയ്ക്കു കൊണ്ടുപോകുന്ന റെഗുലര്‍ കസ്റ്റമറാണ് ഡോ. ഉത്തര” മുസ്തഫ വെളിപ്പെടുത്തി.
ഇളനീര് വെള്ളത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും, മിനറലുകളുടെയും സാന്നിധ്യമാണ് അത് കുടിക്കുന്നയാള്‍ക്ക് ഉന്മേഷം നല്‍കുന്നത്. പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ഒരു സിദ്ധൗഷധം!
”കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, ക്ലോറൈഡ് മുതലായവയും ഇളനീരില്‍ ധാരാളമുണ്ട്. പ്രകൃതി ഒരുക്കിത്തരുന്ന പരിശുദ്ധമായ ഈ ശീതളപാനീയത്തിന്റെ പ്രതിരോധ ശക്തി വളരെ മികച്ചതുമാണ്. അതിനാലാണ് ഗര്‍ഭിണികള്‍ പതിവായി ഇളനീര് കുടിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്” ഡോ. ഉത്തര വ്യക്തമാക്കി.
വലിയ ശസ്ത്രക്രിയകള്‍ ചെയ്താല്‍ രോഗി മണിക്കൂറുകളോളം ഭക്ഷണമൊന്നും കഴിയ്ക്കരുത്. മെഡിക്കല്‍ ഭാഷയില്‍ ഇതിനെ nothing by mouth(NPO) എന്നു പറയുന്നു. ‘(NPO)യ്ക്കു ശേഷം രോഗിയ്ക്ക് ആദ്യം നല്കാന് ഏറ്റവും ഉത്തമം ഇളനീരാണ്,’ ഡോ. ഉത്തര എടുത്തു പറഞ്ഞു.
ചാവക്കാടാണ് മുസ്തഫയുടെ വീട്. കാലത്ത് ആറുമണിയ്ക്ക് ടൂവീലറില്‍ പുറപ്പെട്ടു ഏഴുമണിയോടെ തൃശ്ശൂരെത്തി കട തുറക്കും. അല്പ നേരത്തിനുള്ളില്‍ ഇളനീര് സപ്ലെ ചെയ്യുന്നവരും വന്നുചേരും. ടെമ്പോ നിറയെ സാധനവുമായി അവരെത്തുമ്പോള്‍ ചില്ലറവ്യാപാരി അവിടെ സന്നിഹിതനായിരിക്കണം. ഓഡര്‍ പ്രകാരമുള്ളത്രയും ഫലങ്ങളുള്ള ഇളനീര്‍കുലകള്‍ സ്റ്റാളില്‍ ഇറക്കിയ ഉടനെ സിറ്റിയിലെ അടുത്ത കടയിലേക്കോ അല്ലെങ്കില്‍ അടുത്ത സിറ്റിയിലേക്കോ അവര്‍ കുതിയ്ക്കും.
”യാതൊരു പരിക്കും ഏല്‍ക്കാതിരിക്കാന്‍ കുലച്ചില്‍ സഹിതം വെട്ടിയെടുത്തു കയറില്‍ കെട്ടിത്തൂക്കിയാണ് തെങ്ങിന്റെ കുരലില്‍ നിന്ന് ഇളം തേങ്ങാക്കുലകള്‍ താഴെ ഇറക്കുന്നത്. എന്നിരുന്നാലും, സമയം വൈകും തോറും ഇളനീരിന്റെ മാധുര്യം കുറഞ്ഞു വരുന്നു. നിത്യവും പുതിയ ഇളനീര് എത്തുന്നുണ്ട്. ഒരു ദിവസത്തെ സപ്ലെ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഉടനെ അടുത്ത ദിവസത്തേക്കുള്ള ലോഡ് തയ്യാറാക്കുന്നതിന്റെ തത്രപ്പാടിലാണവര്‍” മുസ്തഫ വിവരിച്ചു.
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ, ഗോപാലപുരം, മീനാക്ഷിപുരം മുതലായ അതിര്‍ത്തി ഗ്രാമങ്ങളിലാണ് ഇളനീര് തെങ്ങുകള്‍ കൃഷി ചെയ്തുവരുന്നത്. ഇരുനൂറും, മുന്നൂറും ഏക്കര്‍ വിസ്തീര്‍ണമുള്ള പറമ്പുകളില്‍ വളമിട്ടും വെള്ളമൊഴിച്ചും വളര്‍ത്തുന്ന ഉയരം കുറഞ്ഞ കല്പ്പവൃക്ഷങ്ങളാണവ. തേങ്ങയുടെ നിറം ചുവപ്പും പച്ചയുമുള്ള രണ്ടു തരം തെങ്ങുകളാണ് പൊതുവെ കണ്ടുവരുന്നത്. നിറമേതായാലും ഇളനീരിന്റെ സ്വാദിന് വ്യത്യാസമില്ല. രണ്ടിന്റെയും മൂത്ത തേങ്ങയുടെ കഴമ്പില് എണ്ണ കുറവാണ്. എന്നാല്‍, ഇളം പ്രായത്തില്‍ അവ മധുരനീരുകൊണ്ട് സമ്പന്നമാണ്. അല്പം കഴമ്പ് രൂപപ്പെടുന്നതുവരെ വളര്‍ന്നാല്‍ ഇളനീരെന്നും, അതിനു മുമ്പ് കരിക്കെന്നുമാണ് അവയുടെ പേരുകള്‍. എന്നാല്‍, രണ്ടു പേരുകളും ഒരേ അര്‍ത്ഥത്തിലാണ് മിക്കവരും ഉപയോഗിക്കുന്നത്. ഇളനീരിന് കരിക്കിനേക്കാള്‍ രുചിയുണ്ടെന്നാണ് ചില ഉപഭോക്താക്കളുടെ അഭിപ്രായം. തലേന്നു വൈകീട്ട് വെട്ടിയിറക്കിയ കുലകള്‍ നിറച്ചുകൊണ്ട് വിതരണ വാഹനങ്ങള്‍ അതിരാവിലെ മൂന്നു മണിക്ക് ഗ്രാമങ്ങളില്‍ നിന്ന് പുറപ്പെടുന്നു.
”തേങ്ങയുടെ മേല്‍ഭാഗം ചെത്തി, ചിരട്ടയുടെ ചെറിയൊരു തുണ്ട് കൊത്തിത്തുറന്നു വെളിയിലേയ്ക്കു മടക്കിവെച്ച്, നീരില്‍ സ്റ്റ്രോയിട്ട് കസ്റ്റമര്‍ക്കു നല്കുന്നു. കഴമ്പ് തിന്നണമെന്നു പറയുന്നവര്‍ക്ക് തേങ്ങ രണ്ടാക്കി മുറിച്ചു നല്‍കും. മുന്നെ ചെത്തിയെടുത്ത ചിരട്ടയുടെ ചീളുകൊണ്ട് കഴമ്പ് ചുരണ്ടിയെടുക്കാം. നാല്പതു രൂപയാണ് ഒരു ഇളനീരിന്റെ വില” മുസ്തഫ തന്റെ സേവന രീതി വ്യക്തമാക്കി.
നഗരത്തിന്റെ കണ്ണായ ഭാഗത്തായതിനാല് ദൂരദിക്കില്‍ നിന്നു വരുന്നവര്‍ക്കു പോലും മുസ്തഫയുടെ ഇളനീര് സ്റ്റാള്‍ ഒരു സ്റ്റോപ്പ് ഓവറാണ്. എറണാകുളം ഭാഗത്തു നിന്നു വരുന്നവര്‍ക്ക് അശ്വിനി ജങ്ഷന് കടന്നു വേണം ഷൊര്‍ണൂര്‍ ഭാഗത്തേയ്ക്കു പോകാന്‍. പാലക്കാടു ഭാഗത്തുനിന്ന് മ്യൂസിയം റോഡു വഴി കോഴിക്കോടു ഭാഗത്തേയ്ക്ക് പോകുന്നവര്‍ക്കും, സ്വരാജ് റൗണ്ട് ഇറങ്ങി വടക്കെ സ്റ്റാന്‍ഡു കടന്ന് പൂങ്കുന്നം വഴി കുന്നംകുളം-പുന്നയൂര്‍കുളം-പൊ
ന്നാനി ഭാഗത്തേയ്ക്ക് പോകുന്നവര്‍ക്കും അശ്വിനി ജങ്ഷന് അനിവാര്യമാണ്. മുസ്തഫയുടെ സ്റ്റാളിനു മുന്നില്‍ അല്പ നേരം കാര്‍ നിറുത്തി ഇളനീര് കുടിക്കുകയെന്നത് ഈ വഴി പോകുന്നവര്‍ക്കെല്ലാം ഒരു പത്ഥ്യമായി മാറിയിട്ടുണ്ട്. വാഹനം മണ്ണുത്തി ബൈപാസ്സിലെത്തിയാല്‍ യാത്രക്കാര്‍ പറയുമത്രേ, അശ്വിനി ജങ്ഷനിലെ മുസ്തഫയുടെ സ്റ്റാളില്‍ നിന്ന് ഇളനീര് കുടിച്ചതിനു ശേഷം ഇനി ബാക്കി യാത്രയെന്ന്! തിരുവനന്തപുരത്തു നിന്നെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു തലേന്ന് തന്റെ സ്റ്റാള്‍ സന്ദര്‍ശിച്ച വി.ഐ.പി കസ്റ്റമറെന്ന് ഏറെ സന്തോഷത്തോടെ മുസ്തഫ പറഞ്ഞു.
”ഇന്നലെയാണ് തൃശ്ശൂരെത്തിയത്. ഇവിടെ ചൂട് അല്പം കൂടുതലാണെന്നു തോന്നുന്നു. വിയര്‍പ്പു മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ (ഉലവ്യറൃമശേീി) കുടിയ്ക്കാന്‍ ഏറ്റവും നല്ലത് ഇളനീരാണ്” മെഡിക്കല്‍ സ്റ്റുഡന്റ്, സപര്യ പറഞ്ഞിരുന്നുവത്രേ.
കേരളത്തിലെ ചിലയിടങ്ങളില്‍ 40 ഡിഗ്രി സെല്ഷ്യസുനു മേലെ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും തലസ്ഥാനത്തു നിന്നെത്തിയ സപര്യ സൂചിപ്പിച്ചു.
”സാധാരണ ദിവസങ്ങളില്‍ ശരാശരി 200 തേങ്ങകളാണ് ചിലവാകുന്നത്. എന്നാല്‍, ശിവരാത്രി, തിരുവാതിര നാളുകളില്‍ ‘ഒരിയ്ക്കല്‍’ ഭക്ഷണത്തിന്, ഇളനീരിനും അതിന്റെ കഴമ്പിനും മുന്‍ഗണനയുള്ളതിനാല്‍, കച്ചവടം 600 എണ്ണം വരെ എത്തും. അഭിഷേകവും, തുലാഭാരവും നേര്ന്നവരെത്തിയാല് ഇളനീരിന്റെ വില്പന അതിലും വര്ദ്ധിക്കാറുണ്ട” സ്പഷ്ടമാക്കി മുസ്തഫ.
രാത്രി ഒമ്പതരയ്ക്ക് കടയടയ്ക്കും നേരം, അന്നത്തെ വരവു ചെലവ് മുസ്തഫ മനസ്സില്‍ സുമാറായൊന്നു കണക്കുകൂട്ടും. കൊഴിഞ്ഞാമ്പാറക്കാരന് സപ്പ്ളെയര്‍ക്കു നല്കിയ കോസ്റ്റ് പ്രൈസും സ്റ്റ്രോ പേക്കറ്റുകളും തുണിസഞ്ചികളും വാങ്ങിയതിന് നല്കിയ കാശും കിഴിച്ചു ആയിരം രൂപയെങ്കിലും പോക്കറ്റില്‍ ബാക്കി വരുന്നുവെങ്കില്‍, സ്ഥലത്തിന് വാടകയൊന്നും ഈടാക്കാത്ത തൃശ്ശൂര്‍ കോര്‍പ്പറേഷനെയും നഗരം നിര്‍മ്മിച്ച ശക്തന് തമ്പുരാനെയും ഉള്ളില്‍ സ്തുതിച്ചുകൊണ്ട് മുസ്തഫ തന്റെ ബൈക്ക് കിക്ക് സ്റ്റാര്‍ട്ടു ചെയ്യും. ഭവനത്തിലെത്തി വിശാലമായൊന്നു കുളിച്ചതിനു ശേഷമാണ് തന്റെ പത്നിയോടും കുട്ടികളോടും ഇളനീര് പോലെ നിര്‍മലവും മധുരമുള്ളതുമായ ഇത്തിരി വര്‍ത്തമാനം മുസ്തഫ പറയുന്നത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: