മുംബൈ: രണ്ട് തോല്‍വികള്‍ക്കു ശേഷം ജയത്തോടെ മുംബൈ ഇന്ത്യന്‍സ് വനിതാ പ്രീമിയര്‍ ലീഗിലെ പ്രാഥമിക മത്സരങ്ങള്‍ അവസാനിപ്പിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിന് കീഴടക്കി, സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-125/9 (20), മുംബൈ ഇന്ത്യന്‍സ്-129/6 (16.2). തോല്‍വിയോടെ റോയല്‍ ചലഞ്ചേഴ്സിന്റെ പോരാട്ടങ്ങള്‍ക്കും അവസാനം.
അമേലിയ കെറിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് റോയല്‍ ചലഞ്ചേഴ്സിനെ പിടിച്ചുകെട്ടിയ അമേലിയ, 27 പന്തില്‍ നാലു ഫോറുള്‍പ്പെടെ പുറത്താകാതെ 33 റണ്‍സെടുത്ത് ടീമിനെ ജയത്തിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിനായി എല്ലിസ് പെറിയും റിച്ച ഘോഷും 29 റണ്‍സ് വീതമെടുത്തു. ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയ്ക്ക് 24 റണ്‍സ്. മുംബൈയ്ക്കായി ഇസി വോങ്ങും നാറ്റ് സ്കിവര്‍ ബ്രന്റും രണ്ട് വീതവും സെയ്ക ഇഷാഖ് ഒന്നും വിക്കറ്റെടുത്തു.
യസ്തിക ഭാട്യ (30), ഹെയ്ലി മാത്യൂസ് (24), പൂജ വസ്ത്രാകര്‍ (19) മുംബൈയുടെ മറ്റ് സ്കോറര്‍മാര്‍. റോയല്‍ ചലഞ്ചേഴ്സിനായി കനിക അഹുജ രണ്ട് വിക്കറ്റെടുത്തു. മേഗന് സ്കട്ട്, ശ്രേയങ്ക പാട്ടീല്‍, എല്ലിസ് പെറി, ശോഭന ആശ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: