തിരുവനന്തപുരം: കടക്കെണിയില്‍പ്പെട്ടിരിക്കുന്ന കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. എന്‍ജിഒ സംഘ് നോര്‍ത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കടക്കെണിയിലായ കേരളവും ജീവനക്കാരുടെ ആശങ്കയും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ റവന്യൂവരുമാനത്തിന്റെ 70 ശതമാനവും ശമ്പളം, പെന്ഷന്, പലിശ, കടം തിരിച്ചടവ് എന്നിവയ്ക്കായി മാറ്റിവയ്ക്കേണ്ടിവരുന്നു. വീണ്ടുവിചാരമില്ലാതെ കടം വാങ്ങിക്കൂട്ടിയാല്‍ തിരിച്ചടവും പലിശയും വര്‍ധിക്കുന്നതോടെ ഇത് 8590 ശതമാനമായി ഉയര്‍ന്നേക്കും. ഇതോടെ ദൈനംദിന ഭരണ നിര്‍വഹണത്തിനുപോലും പണം തികയാതെ വരും. ഇത് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഇതൊഴിവാക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 അനുസരിച്ച് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുമെന്ന് ടി.പി. സെന്‍കുമാര്‍ പറഞ്ഞു.
അങ്ങിനെ വന്നാല്‍ നിയമസഭ പാസാക്കുന്ന സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളെല്ലാം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കേണ്ടിവരും. സംസ്ഥാനസര്‍ക്കാര്‍ നിലനില്‍ക്കുമെങ്കിലും സാമ്പത്തികകാര്യങ്ങളുടെ നിയന്ത്രണം പൂര്‍ണമായും രാഷ്ട്രപതിക്കാവും. ഇതുവരെ സ്വതന്ത്രഭാരതത്തില്‍ ഒരു സംസ്ഥാനത്തും സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ട് കേരളസര്‍ക്കാരിനും മന്ത്രിമാര്‍ക്കും ഭരണഘടനയിലെ ഈ വകുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാകും അനിയന്ത്രിതമായി കടം വാങ്ങിക്കൂട്ടുന്നതിന് കാരണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
2011 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുന്ന സമയത്ത് 78,673 കോടി രൂപയായിരുന്നു പൊതുകടം. യുഡിഎഫ് ഭരണം അവസാനിച്ച് എല്‍ഡിഎഫ് ഭരണം ഏറ്റെടുക്കുന്ന സമയത്ത് ഇത് 1,57,370 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2021 ല്‍ എല്‍ഡിഎഫ് ഭരണത്തിന്റെ അവസാനകാലത്ത് പൊതുകടം 3,27,654 കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ ഇത് നാലു ലക്ഷം കോടിയിലധികമായിരിക്കുന്നു. കടം വാങ്ങാന്‍ അനുവാദം നല്‍കാതെ കേന്ദ്രം ഞെരുക്കുന്നുവെന്നാണ് ഇപ്പോഴും സിപിഎം ജാഥ നടത്തി പറയുന്നത്. ഇനിയും കടം വാങ്ങിയാല്‍ പലിശയും തിരിച്ചടവും വര്‍ധിക്കുന്നതോടെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള ധനം പോലും ഉണ്ടാകില്ല. ഇപ്പോള്‍ത്തന്നെ റവന്യൂ വരുമാനത്തിന്റെ 30 ശതമാനത്തോളം മാത്രമാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും ലഭ്യമാകുന്നത്. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതിവച്ച് വരുംമാസങ്ങളില്‍ ശമ്പളംപോലും കൃത്യമായി കിട്ടുന്ന കാര്യം ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം കടമെടുക്കുന്നത് ശമ്പളം നല്‍കാനും അതുപോലുള്ള മറ്റുകാര്യങ്ങള്‍ക്കുമാണ്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഉല്പാദനപരമായ കാര്യങ്ങള്‍ക്കായി പണം വിനിയോഗിക്കാത്തതിനാല്‍ അതില്‍ നിന്ന് തിരിച്ചടവിനുള്ള വരുമാനം ലഭിക്കുന്നുമില്ല. വിദേശനാണ്യവരുമാനത്തില്‍ മുന്നിലായിരുന്ന കേരളം യുപിക്ക് പുറകിലേക്ക് പോയി. പ്രതിവര്‍ഷം ഒരുലക്ഷം കോടിയോളം വിദേശനാണ്യം നേടിയിരുന്ന കേരളത്തിന് ഇപ്പോള്‍ 35,000 കോടി രൂപ മാത്രമാണ് ഈ ഇനത്തില്‍ ലഭിക്കുന്നത്. ഉല്പാദനമേഖലകളില് നിന്നുള്ള വരുമാനം വളരെ തുച്ഛമാണ്. മദ്യവും പെട്രോളും ലോട്ടറിയും ആശ്രയിച്ച് ഒരു സംസ്ഥാനത്തിന് എത്രകാലം മുന്നോട്ടുപോകാനാകുമെന്നും സെന്‍കുമാര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: