ചീമേനി: ചീമേനി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ് കാണാതായത് വിവാദമായി. കഴിഞ്ഞ ദിവസം പ്ലസ് വണ്‍ മലയാളം പരീക്ഷ എഴുതിയ പോത്താകണ്ടം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ് അപ്രത്യക്ഷമായത്. പരീക്ഷ എഴുതിയ ഇരുപത് കുട്ടികളില്‍ 19 ഉത്തര കടലാസ് മാത്രമാണ് പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അദ്ധ്യാപകന് പ്രിന്‍സിപ്പാള്‍ ഗിരിജയ്ക്ക് കൈമാറിയത്.
പരീക്ഷ കൃത്യസമയത്ത് പൂര്‍ത്തിയാക്കി പേപ്പര്‍ ഇന്‍വിജിലേറ്റര്‍ക്ക് നല്‍കിയിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഉത്തര കടലാസ് എങ്ങനെ നഷ്ടപ്പെട്ടു എന്ന കാര്യം ഡ്യൂട്ടിക്ക് എത്തിയ അദ്ധ്യാപകനും നിശ്ചയമില്ല. വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ് മറ്റാരെങ്കിലും അടിച്ചു മാറ്റിയത് ആണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
ചില അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് പുതിയ പ്രിന്‍സിപ്പാളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന അട്ടിമറിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അദ്ധ്യാപകനില്‍ നിന്ന് പ്രിന്‍സിപ്പാള്‍ ഗിരിജ കൃത്യമായ റിപ്പോര്‍ട്ട് എഴുതി വാങ്ങിയിരുന്നു. തന്റെ കൈയില്‍ നിന്നാണ് ഉത്തര കടലാസ് നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് പറയുന്നു. ഈ റിപ്പോര്‍ട്ട് സഹിതം ചീമേനി പൊലീസ് സ്റ്റേഷനില്‍ എത്തിയ പ്രിന്‍സിപ്പാള്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് എസ് .ഐ കെ.അജിത പറഞ്ഞു. ഉത്തരക്കടലാസ് കാണാതായ വിദ്യാർത്ഥി ഇം പ്രൂവ്മെൻ്റ് പരീക്ഷ എഴുതേണ്ടി വരും. പരീക്ഷാസമയത്ത് കുട്ടികൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്ന നടപടികൾ വേണ്ടെന്നാണ് പിടിഎ യോഗത്തിലെ പൊതു തീരുമാനം. പരീക്ഷയ്ക്ക് ശേഷം അന്വേഷണം തുടരാനാണ് അധികൃതരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: