കണ്ണൂര്‍: ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തില്‍ തട്ടിപ്പുകാണിച്ച സോന്റ കമ്പനിയെ കരാര്‍ ഏല്‍പ്പിക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇടപെട്ടതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ ചേലോറയിലെ ബയോമൈനിങ്ങിന് ബ്രഹ്മപുരത്ത് വിവാദത്തിലായ സോന്റ ഇന്‍ഫ്രാടെക്കിന് കരാര്‍ നല്കാന് മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഇടപെട്ടതായി കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ടി.ഒ. മോഹനന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയര്‍.
ബ്രഹ്മപുരത്ത് കരാര്‍ ലംഘനത്തിലൂടെ വിവാദത്തിലായ സോന്റ ഇന്‍ഫ്രാടെക് കമ്പനിയെ കണ്ണൂരിലും കരാര്‍ ഏല്‍പ്പിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. കണ്‍സള്‍ട്ടസിയായി പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് ബയോമൈനിങ്ങില്‍ മുന്‍പരിചയമില്ലായിരുന്നു. അതിനാല്‍ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് കോര്പ്പറേഷന് കരാര്‍ റദ്ദാക്കിയത്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനായ ഘട്ടത്തിലാണ് ചേലോറയിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബയോമൈനിങ് സംസ്കരണ പദ്ധതി തുടങ്ങിയത്.
റീ ടെന്‍ഡര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചപ്പോഴും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ട് സോന്റയുമായുള്ള കരാര്‍ കോര്പ്പറേഷന് റദ്ദാക്കുകയായിരുന്നു. കമ്പനിക്കായി ഇടപെടലുകള്‍ മുഴുവന്‍ നടത്തിയത് സര്‍ക്കാര്‍ ആണെന്നും ‘കടലാസില്‍ മാത്രമുള്ള’ കമ്പനിയായ സോന്റ ഇടത് സര്‍ക്കാരിന്റെ കുട്ടിയാണെന്നും മോഹനന് കുറ്റപ്പെടുത്തി.
ഇത്തരം കമ്പനികളെ നിലനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്ന് ടി.ഒ. മോഹനന് പറഞ്ഞു. ലാവ്ലിന് സമാനമായ അഴിമതിയാണിത്. ഒന്നും ചെയ്യാതെ 68 ലക്ഷം രൂപ സോന്റ മുന്‍കൂറായി കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങി. 6.86 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. പിന്നീട് 21.3 കോടി രൂപ വേണമെന്നാവശ്യപ്പെട്ടു. ഇതിന് കമ്പനിക്കായി ഇടപെടലുകള്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. കോര്‍പ്പറേഷനില്‍ ഭരണസമിതി നിലവിലില്ലാത്ത സമയത്താണ് തുക വാങ്ങിയെടുത്തത്. ഇത് തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് കോര്പ്പറേഷന്.
ഒരു ക്യുബിക് മീറ്റര്‍ മാലിന്യ സംസ്കരണത്തിന് 1715 രൂപയോളമാണ് സോന്റ നിരക്ക് നിശ്ചയിച്ചത്. എന്നാല്‍, പൂനെ ആസ്ഥാനമാക്കിയുള്ള കമ്പനി ഒരു ക്യുബിക് മീറ്ററിന് 640 രൂപയ്ക്കാണ് സംസ്കരണം നടത്തുന്നത്. ബ്രഹ്മപുരത്തെ വിഷപ്പുക വിവാദം കെട്ടടങ്ങാത്ത സാഹചര്യത്തില്‍ സോന്റയ്ക്കെതിരായ കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആരോപണം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മറ്റൊരു പ്രഹരമായിരിക്കുകയാണ്.
അതേസമയം, ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിലും മാലിന്യ സംസ്കരണത്തിലും കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്ന് സോന്റ ന്യായം പറഞ്ഞിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ല. ബയോമൈനിങ്, കാപ്പിങ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവ മാത്രമാണ് കമ്പനി ചെയ്യുന്നത്. ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോന്റ കൈകാര്യം ചെയ്യേണ്ടതല്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ബ്രഹ്മപുരത്ത് കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചതെന്നും സ്വപ്ന സുരേഷും ആരോപിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആരോപണം. 12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നതിലെ നന്ദി അറിയിക്കുന്നു എന്നു പറഞ്ഞാണ് സ്വപ്നയുടെ കുറിപ്പ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ വലംകൈയായ ശിവശങ്കര്‍ ആശുപത്രിയില്‍ ആയതുകൊണ്ടാകാം. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ ശിവശങ്കറിനും പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാതെ കാത്തിരുന്നതെന്നും സ്വപ്ന ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: