തിരുവനന്തപുരം: സഹ്രസാബ്ദങ്ങള്‍ പഴക്കമുള്ള ആയുര്‍വേദത്തെ ലോകചികിത്സാരംഗത്ത് എത്തിക്കുന്നതിനായി സാങ്കേതികവിദ്യാ സംയോജനം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഎസ്ഐആര്‍-നിസ്റ്റ് (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി)നടത്തുന്ന വണ്‍വീക്ക് വണ്‍ ലാബ് സമ്മേളനത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യുക്തമായ ശാസ്ത്രീയ-സാങ്കേതിക രീതികള്‍ അവലംബിച്ചാല്‍ ആധുനിക വൈദ്യശാസ്ത്രം പകച്ച് നില്ക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം ആയുര്‍വേദത്തിലൂടെ കണ്ടെത്താനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ആഗോളതാപനമടക്കം ലോകത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളുടെയും സൂചനകള്‍ ആയുര്‍വേദത്തിലുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. മനോജ് നേസരി ചൂണ്ടിക്കാട്ടി. ഇന്നത്തെ ലോകത്തിന് ആയുര്‍വേദത്തെ മനസിലാക്കാന്‍ നൂതന സാങ്കേതികവിദ്യയുടെ സംയോജനം ആവശ്യമാണ്. ലോകത്തിലെ പ്രശസ്ത ചികിത്സാ സ്ഥാപനങ്ങളുമൊത്ത് ആയുര്‍വേദത്തിലെ ഗവേഷണവും ചികിത്സാസംയോജനവും നടത്താന്‍ ഇപ്പോള്‍ വഴി തെളിഞ്ഞിരിക്കുകയാണ്. ബയോ ഫിസിക്സ്, ബയോടെക്നോളജി എന്നിവയിലൂടെ ആയുര്‍വേദത്തിന് കൂടുതല്‍ മുന്നോട്ടുപോകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനികചികിത്സയിലെ സമാന ചിന്താഗതിക്കാരായ വ്യക്തികളും സ്ഥാപനങ്ങളുമായി സഹകരണം ഉണ്ടാക്കുന്നതു വഴി ആയുര്‍വേദത്തില്‍ ഇനിയും ഗവേഷണ സാധ്യതയുണ്ടെന്ന് സിഎസ്ഐആര്‍-സിഡിആര്‍ഐ ഡയറക്ടര്‍ ഡോ. രാധാ രംഗരാജന് പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, ശരിയായ പ്രക്രിയകള്‍, സുരക്ഷ, ഗുണമേډ എന്നിവയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരള സര്‍ക്കാരിന്റെ കണ്ണൂരുള്ള അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവും സിഎസ്ഐആര്‍-നിസ്റ്റും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന ആയുഷ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. കേശവേന്ദ്രകുമാര്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ആയുര്‍വേദം ഏറെ മുന്നേറ്റം നടത്തിക്കഴിഞ്ഞു.
ശാസ്ത്രീയവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ഗവേഷണങ്ങളാണ് ആയുര്‍വേദത്തെ ലോകത്തിന് ഗുണകരമാകും വിധം മാറ്റാന്‍ ഉചിതമെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി എം വാര്യര്‍ പറഞ്ഞു.
ആഗോളതലത്തില്‍ ആയുര്‍വേദത്തിലുള്ള വിശ്വാസവും കൗതുകവും കൂടിവരികയാണെന്ന് സിഎസ്ഐആര്‍-നിസ്റ്റ് ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങളായി നാം പിന്തുടര്ന്ന് വരുന്ന ഈ ചികിത്സാരീതിയെ ശാസ്ത്രീയമായ രേഖപ്പെടുത്തലിലൂടെ ലോകത്തിന് പ്രയോജനകരമായ രീതിയില്‍ മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സിഎസ്ഐആര്‍-നിസ്റ്റ് വികസിപ്പിച്ചെടുത്ത മൂന്ന് സാങ്കേതികവിദ്യ വാണിജ്യപരമായ ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രവും ചടങ്ങില്‍ കൈമാറി.
ലാലാ ലജ്പത്റായി വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. വിനോദ് കുമാര്‍ വര്‍മ്മ, സിഎസ്ഐആര്‍-നിസ്റ്റ് സിഎസ്ടിഡി തീം ചെയര്മാന് ഡോ. കെ വി രാധാകൃഷ്ണന്, സിഎസ്ഐആര്‍-നിസ്റ്റ് സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ കെ മൈത്തി, സിഎസ്ഐആര്‍-ടികെഡിഎല്‍ മേധാവി ഡോ. വിശ്വജനനി സത്തിഗേരി, അമൃതപുരിയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ ഡയറക്ടര്‍ ഡോ. പി റാം മനോഹര്‍, ഇവിഎം ഹെര്‍ബല്‍ റിസര്‍ച്ച് സെന്ററിലെ പ്രൊഫ എന്‍ പുണ്യമൂര്‍ത്തി, കോഴിക്കോട് കേരള ആയുര്‍വേദ സഹകരണ സംഘം ഡയറക്ടര്‍ ഡോ. സനില്‍ കുമാര്‍, ജെഎന്‍ടിബിജിആര്‍ഐ മുന്‍ ഡയറക്ടര്‍ ഡോ. എസ് രാജശേഖരന്, സുനേത്രി സെന്റര്‍ ഫോര്‍ ഓട്ടിസം റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷനിലെ ഡോ. വൈദ്യ എം പ്രസാദ്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ക്ലിനിക്കല്‍ ഗവേഷണ വിഭാഗം മേധാവി ഡോ. പി ആര് രമേഷ്, വൈദ്യരത്നം ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണ വിഭാഗം മേധാവി ഡോ. ഷീല കാറളം, തിരുവനന്തപുരം ആയുര്‍വേദ കോളേജ് അസോ. പ്രൊഫ. ബി, ഡോ. രാജ്മോഹന്‍ വി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: