ഇരിട്ടി: ആയിരക്കണക്കായ തെങ്ങുകള്‍ നിലംപരിശാക്കിയ കാട്ടാനക്കൂട്ടങ്ങള്‍ ആറളം ഫാമിന്റെ കശുമാവിന് തോട്ടങ്ങളും പാടേ നശിപ്പിക്കുന്നു. കശുവണ്ടി വിളവെടുപ്പ് നടന്നു കൊണ്ടിരിക്കെ 430 തോളം കശുമാവുകളാണ് രണ്ട് മാസത്തിനിടയില്‍ ആനക്കൂട്ടം കുത്തിവീഴ്ത്തി നശിപ്പിച്ചത്. ദിനംപ്രതി അത്യുല്‍പ്പാദന ശേഷിയുള്ള 50തോളം കശുമാവുകളാണ് ആനക്കൂട്ടം കുത്തിവീഴ്ത്തി നശിപ്പിക്കുന്നത്. ഇതോടെ കശുവണ്ടിയുടെ ഉല്‍പ്പാദനവും മൂന്നിലൊന്നായി കുറയുകയും സീസണ് തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും 100 ടണ്‍ പോലും സംഭരിക്കാന്‍ കഴിയാത്ത പരിതാപകരമായ അവസ്ഥയിലാവുകയും ചെയ്തു.
ആനകളുടെ വിളയാട്ടം മൂലം 38000ത്തോളം തെങ്ങുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഫാമില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 14000ത്തോളം മാത്രമാണ്. കേന്ദ്രഗവര്‍മെന്റിന്റെ കയ്യില്‍ ഫാം ഉണ്ടായിരുന്ന കാലത്ത് വെച്ചുപിടിപ്പിച്ചവയായിരുന്നു ഈ തെങ്ങുകളെല്ലാം. ഇവയില്‍ ഇടത്തരം തെങ്ങുകളെല്ലാം ആനക്കൂട്ടം നശിപ്പിച്ചുകഴിഞ്ഞു. പാലപ്പുഴ ജനവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഫാം ഒന്നാം ബ്ലോക്കില്‍ മാത്രം ആയിരത്തിലധികം തെങ്ങുകളാണ് നശിപ്പിച്ചത്. ഇപ്പോഴും ഓരോ ദിവസവും പത്തിലധികം തെങ്ങുകള്‍ ആനക്കൂട്ടം നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. നിറയെ കായ്ഫലമുള്ള തെങ്ങുകള്‍ നിറഞ്ഞു നിന്ന് മനോഹരമായിരുന്ന പ്രദേശമെല്ലാം ഇപ്പോള്‍ തരിശ് ഭൂമിയായി മാറി.
ഫാമില്‍ 619 ഹെക്ടറിലാണ് കശുമാവ് കൃഷിയുള്ളത്. കാട്ടാനകളുടെ പരാക്രമം ഇതേനിലയില്‍ തുടര്‍ന്നാല്‍ അടുത്ത ഒരു വര്‍ഷത്തിനിടയില്‍ ഇവയിലേറെയും നിലംപൊത്തും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നട്ടുപിടിപ്പിച്ച തോട്ടങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നത്. അത്യുത്പ്പാദനശേഷിയുള്ള ഇത്തരം ബഡ് മാവുകള്‍ നശിപ്പിക്കപ്പെടുന്നതിലൂടെ കോടികളുടെ നഷ്ടമാണ് ഫാമിന് ഉണ്ടാകുന്നത്. തെങ്ങും കമുങ്ങും വ്യാപകമായി നശിപ്പിച്ചതോടെ കശുമാവില്‍ നിന്നുള്ള വരുമാനത്തിലായിരുന്നു പ്രതീക്ഷ. കശുമാവുകള്‍ വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഇക്കുറി പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് വരുമാനം പോലും ലഭിക്കാത അവസ്ഥയാണ്.
കാര്‍ഷികവിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചാല്‍ വനം വകുപ്പ് നഷ്ടപരിഹാരം നല്‍കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ആറളം ഫാമിന് ആറു വര്‍ഷമായി ഒരു രൂപപോലും നഷ്ടപരിഹാരമായി അനുവദിക്കുന്നില്ല. തെങ്ങടക്കമുള്ള കാര്‍ഷികവിളകള്‍ കാട്ടാനകള്‍ പാടേ നശിപ്പിച്ചതോടെ ഉല്‍പ്പാദനനഷ്ടം മൂലം ഫാമിന്റെ വരുമാനം മൂന്നിലൊന്നായി ചുരുങ്ങി. വരുമാനമില്ലാതായതോടെ ആറുമാസമായി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വേതന വിതരണം മുടങ്ങിയിരിക്കുകയാണ്. കൂലി ലഭിക്കാത്ത തൊഴിലാളികളില്‍ 75 ശതമാനവും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. വന്യമൃഗങ്ങള്‍ ഇതുവരെയുണ്ടാക്കിയ നാശനഷ്ടത്തില്‍ നിന്നും പത്ത് ശതമാനമെങ്കിലും വനം വകുപ്പില്‍ നിന്നും ഫാമിന് അനുവദിച്ചാല്‍ തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന വേതനമെങ്കിലും നല്കാന് കഴിയും. എല്ലാ മാസവും ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വനം വകുപ്പിന് അയക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ ഒരു വഴിപാടായി നടക്കുന്നത്. ഇതിനൊക്കെ കാരണമായി മാറിയ കാട്ടാനശല്യം മറികടക്കാനുള്ള ഒരു മാര്‍ഗ്ഗവും ചെയ്യാതെ കയ്യുംകെട്ടി നിന്ന് കാഴ്ചകാണുകയാണ് ഇതിനു പരിഹാരം കാണേണ്ട അധികൃതര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: