തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാഷ്വല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ആവശ്യപ്പെട്ടു. സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശികയും ഉടന്‍ നല്കാന് നടപടി സ്വീകരിക്കണമെന്നും കാര്‍ഷിക സര്‍വ്വകലാശാല ഫാം മസ്ദൂര്‍ സംഘ് (KAUFMS)) അമ്പലവയല്‍ യൂണിറ്റ് പ്രഖ്യാപനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
അമ്പലവയല്‍ ഫാമിലെ മുഴുവന്‍ ഭൂമിയും കൃഷിയോഗ്യമാക്കി ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങണം. വയനാട്ടിലെ പ്രാദേശിക കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്ന കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും ഊന്നല്‍ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി ഗവേഷണ കേന്ദ്രം നടത്തണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യകാരി സദസ്യന്‍ സി. കെ. ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ബിഎംഎസിന്റെ മുന്‍കാല പ്രവര്‍ത്തകനും വയനാടിന്റെ ദ്രോണാചാര്യരുമായ കൊച്ചംകോട് ഗോവിന്ദനെ ആദരിച്ചു.
സ്വാഗതസംഘം ചെയര്‍മാനും ബിഎംഎസ് ജില്ലാ സെക്രട്ടറിയുമായ ഹരിദാസ് തയ്യില്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി. എന്‍. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനറും എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അനൂപ് ശങ്കരപ്പിള്ള സമാരോപ് സന്ദേശം നല്കി. ബിഎംഎസ് വയനാട് ജില്ല ജോ. സെക്രട്ടറി സി. കെ. സുരേന്ദ്രന്, രാകേഷ് കെ. ആര്. (വൈസ് പ്രസി. എഫ്യുഇഎസ്), സുനില്‍കുമാര്‍ (സംസ്ഥാന ട്രഷറര്‍, എംപ്ളോയീസ് സംഘ്), അരവിന്ദന് (വൈസ് പ്രസി. ബിജെപി വയനാട് ജില്ല), പ്രശാന്ത് എസ്. (വര്‍ക്കിംഗ് പ്രസി., കാര്‍ഷിക സര്‍വ്വകലാശാല ഫാം മസ്ദൂര്‍ സംഘ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാം മസ്ദൂര്‍ സംഘ് അമ്പലവയല്‍ യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് സുധാകരന് പി. സി. നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: