കൊല്ലം: ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും യുവാക്കള്‍ കേരളം വിട്ട് പുറത്തേക്കുപോകുന്നത് തടയാന്‍ സംസ്ഥാനം നിയമനിര്‍മാണത്തിന് ഒരുങ്ങുമ്പോള്‍, സര്‍ക്കാര്‍ മേഖലയിലുള്ള ഒരേയൊരു ഡിസൈന്‍ പഠനകേന്ദ്രം വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍.
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന് (കെഎഎസ്ഇ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ (കെഎസ്ഐഡി) വിദ്യാര്‍ഥികളാണ് ദുരിതം അനുഭവിക്കുന്നത്. എന്റോള്‍മെന്റിന്റെ തുടക്കം മുതല്‍ ഫാക്കല്‍റ്റി അംഗങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളാണ് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്നത്.
ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടി, ജില്ല കളക്ടര്‍, കെഎസ്ഐഡി അഡ്മിനിസ്ട്രേഷന്, പ്രിന്‍സിപ്പല്‍, കെഎഎസ്ഇ എംഡി തുടങ്ങിയവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങളായ ടീച്ചിങ് ഫാക്കല്‍റ്റി, ക്ലാസ് റൂം, സ്റ്റുഡിയോ സൗകര്യങ്ങള്‍ എന്നിവ പോലും ഇല്ല.
കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍, ടെക്സ്റ്റൈല്‍, അപ്പാരല്‍ ഡിസൈന്‍ എന്നീ മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലായി മൂന്ന് ബാച്ചുകള്‍ യുജിയും രണ്ട് ബാച്ചുകള്‍ പിജിയും അടങ്ങുന്ന റസിഡന്‍ഷ്യല്‍ കോളജായാണ് കെഎസ്ഐഡി പ്രവര്‍ത്തിക്കുന്നത്. ഏകദേശം 90 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് എഐസിടിഇ അംഗീകരിച്ചെങ്കിലും, 2022-23 ലെ എഐസിടിഇ ഹാന്‍ഡ്ബുക്കില്‍ പറഞ്ഞിരിക്കുന്ന പല ആവശ്യകതകളും ഈ സ്ഥാപനത്തില്‍ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കെടിയുവിലെ ഫാക്കല്‍റ്റി ലിസ്റ്റും കൃത്യമല്ല, കാരണം ലിസ്റ്റുചെയ്ത ഫാക്കല്‍റ്റികളില്‍ പലരും ഇവിടെ ജോലി ചെയ്യാത്തവരാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
നിലവില്‍, യുജി വിദ്യാര്‍ഥികള്‍ക്ക് ഒരു ഫാക്കല്‍റ്റി അംഗം മാത്രമേയുള്ളൂ, ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈനിലും ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ വിഭാഗത്തിലും പിജി ഡിപ്ലോമയ്ക്ക് ഫാക്കല്‍റ്റിയില്ല. എഐസിടിഇ ഹാന്‍ഡ്ബുക്ക് 2022-23 അനു
സരിച്ച്, 6 ബി-ഡിസ് ഫാക്കല്‍റ്റിയും 3 പിജി ഡിപ്പാര്‍ട്ട്മെന്റ് ഹെഡും ഉണ്ടായിരിക്കണം. ഫോട്ടോഗ്രാഫി ലബോറട്ടറി, ഓഡിയോ-വിഷ്വല്‍ ലബോറട്ടറി, ട്യൂട്ടോറിയല്‍ മുറികള്‍, സെമിനാര്‍ ഹാള്‍ എന്നിവ കാമ്പസില്‍ ശരിയായ രീതിയില്‍ ലഭിക്കുന്നില്ല. ആവശ്യമായ പ്രിന്ററുകള്‍, ആവശ്യത്തിന് സോഫ്റ്റ്വെയര്, സ്റ്റേഷനറി, പ്രഥമശുശ്രൂഷ, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയൊന്നുമില്ല.
അക്കാദമിക് ആവശ്യത്തിന് വേണ്ടത്ര ശക്തമായ ഇന്റര്‍നെറ്റ് സൗകര്യം ഇവിടെയില്ല. കോളജ് ഹോസ്റ്റലില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ല. പൂര്‍ത്തിയാകാത്ത കെട്ടിടമാണ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലായി നല്‍കിയത്. ഇത്തരം പരാധീനതകള്‍ കാരണം ഒരു കോളജ് എന്ന നിലയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിയാറില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോഴ്സ് ആരംഭിച്ചതിന് ശേഷം ഇന്നുവരെ ഒരു ഗ്രാജുവേഷന് ഷോയോ ഫെസ്റ്റോ ഇവിടെ നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: