ബെംഗളൂരു: രാജ്യത്തെ എട്ടു കോടി കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 16,800 കോടി രൂപ കൂടി നല്കി. പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 13-ാം ഗഡുവായി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഇന്നലെത്തന്നെ പണമെത്തിച്ചു. വിതരണോദ്ഘാടനം കര്‍ണാടകയിലെ ബെലഗാവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. റാബി വിളവെടുപ്പിനു മുന്നോടിയായാണ് എട്ടു കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം നേരിട്ട് അയച്ചത്. ചടങ്ങില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, കൃഷി വകുപ്പ് സെക്രട്ടറി മനോജ് അഹൂജ എന്നിവരും പങ്കെടുത്തു.
രാജ്യത്തെ കര്‍ഷകരുടെ രക്ഷയ്ക്ക്, അവര്‍ക്ക് വിത്തും വളവും വാങ്ങാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ കിസാന്‍ സമ്മാന്‍ പദ്ധതി തുടങ്ങിയിട്ട് നാലു വര്‍ഷം കഴിഞ്ഞു. ഒരു വര്‍ഷം മൂന്നു തവണകളായി 6000 രൂപ വീതം നല്കുന്ന പദ്ധതി 2019 ഫെബ്രുവരി 24നാണ് ആരംഭിച്ചത്. 2.25 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. 2023-24 ബജറ്റില്‍ മാത്രം 60,000 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ലോകത്തെ വന്‍പദ്ധതികളില്‍ ഒന്നാണിത്.
തുടക്കത്തില്‍ 11 കോടി പേരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതെങ്കിലും അനര്‍ഹരെ ഒഴിവാക്കിയതോടെ എട്ടു കോടിയായി. കൊവിഡ് കാലത്ത് 1.75 ലക്ഷം കോടി രൂപയാണ് ഇങ്ങനെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: