തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തിങ്കളാഴ്ച നല്ല ദിവസമാണെന്ന് അഡ്വ. ജയശങ്കര്‍. പണ്ട് സിനിമ സംവിധായകന് പത്മരാജന് തിങ്കളാഴ്ച നല്ല ദിവസം എന്ന് പറഞ്ഞിട്ടുണ്ടെന്നും പരിഹാസ ധ്വനിയോടെ അഡ്വ.ജയശങ്കര്‍.
തന്റെ യൂട്യൂബ് ചാനലിലാണ് സിപിഎമ്മിനെതിരെ സര്‍വ്വത്ര പരിഹാസം നിറച്ച വീഡിയോയില്‍ അഡ്വ.ജയശങ്കര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ഒരു വശത്ത് ഗോവിന്ദന് മാഷും സ്വരാജും എല്ലാം കേരളത്തിലെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് ഇഡി സി.എം. രവീന്ദ്രന് പൂട്ടും താക്കോലും ഉണ്ടാക്കുന്നത്.- ജയശങ്കര്‍ പറഞ്ഞു.
എന്തായാലും തിങ്കളാഴ്ച ആര്‍ക്കാണ് നല്ല ദിവസമെന്ന് കാത്തിരുന്ന് കാണാമെന്നും ജയശങ്കര്‍ പറയുന്നു. വഴിയേ പോയ വയ്യാവേലി ഏണി വെച്ച് പിടിച്ച ശിവശങ്കറിനെ നമുക്ക് അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. വൈഫ് മിഷന് കേസ് തണുത്തു മരവിച്ച് പോയതിനിടയിലാണ് അദ്ദേഹം അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം എഴുതിയത്. അതില്‍ രോഷാകുലയായ സ്വപ്ന സുരേഷ് ചതിയുടെ പത്മവ്യൂഹം എന്ന മറുപടി പുസ്തകം എഴുതിയത്. ഇതോടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് കിട്ടിയ ലാഭത്തെക്കുറിച്ച് സ്വപ്ന സുരേഷ് ജനങ്ങളെ ബോധവല്ക്കരിച്ചത്. ഇങ്ങിനെ ഒരു പുസ്തകം എഴുതിയില്ലായിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. ബജറ്റ് ജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അതുകൊണ്ടാണ് സെസ് 50 പൈസ പോലും കുറയ്ക്കില്ലെന്ന് പിണറായി സഖാവ് പറയുന്നത്. കാരണം ബജറ്റില്‍ കേരളത്തിലെ ജനങ്ങള്‍ മുഴുന്‍ ആനന്ദിക്കുകയാണ്. – ആക്ഷേപഹാസ്യത്തിന്റെ മുനവെച്ച് ജയശങ്കര്‍ പറയുന്നു. ർ
പണ്ട് 2011ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ജനമോചന യാത്ര എന്നൊരു യാത്രസംഘടിപ്പിച്ചിരുന്നു. പക്ഷെ ഈ യാത്ര തൃശൂരിലെത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം പാര്‍ലര്‍ കേസും കൊട്ടാരക്കര എത്തുമ്പോഴേക്ക് ബാലകൃഷ്ണപിള്ളയുടെ കേസും പൊന്തിവന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അത് യുഡിഎഫിന് വലിയ ക്ഷീണമായി. വാസ്തവത്തില്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് ജ്യോത്സ്യന്മാരെ കാണണം. എന്നാല്‍ ഗോവിന്ദന് മാഷ് ഭൗതികവാദിയായതിനാല് ജ്യോത്സ്യന്മാരെ കണ്ടിരിക്കില്ല. അതുപോലെയാണ് ഇപ്പോള്‍ കാസര്‍ഗോഡ് നിന്നും ആരംഭിച്ച ഗോവിന്ദന് മാഷുടെ യാത്രയും.അമംഗളമാവുമോ എന്നറിയില്ല. – അഡ്വ. ജയശങ്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: