ആലപ്പുഴ : പതിറ്റാണ്ടുകളായി ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവിലായി നിലനിന്നിരുന്ന ഒറ്റപ്പന മുറിച്ച് മാറ്റി. കുരുട്ടൂര് ഭഗവതി ക്ഷേത്രത്തിന് മുന്നിലായി നിലനിന്നിരുന്ന പന ഈ റൂട്ടിലെ യാത്രികരുടെ മനസ്സുകളില്‍ തങ്ങി നില്ക്കുന്ന ഒന്ന് കൂടിയാണ്. ദേശീയപാത് വികസനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പന മുറിച്ചുമാറ്റിയിരിക്കുന്നത്. കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉത്സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന ഭക്തരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അധികൃതര്‍ ഇത് നീട്ടിവെച്ചത്.
പൂരം ഉത്സവത്തിന് പള്ളിവേട്ട തുടങ്ങുന്നത് ഈ പനയുടെ ചുവട്ടില്‍ നിന്നാണ്. അതുകൊണ്ട് ഉത്സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പരിഹാരക്രിയകള്‍ നടത്തണമെന്നും ഭക്തര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പന മുറിക്കുന്നത് നീണ്ടുപോയത്.
ദേശീയപാത വികസനത്തിനായി സമീപത്തെ മുഴുവന്‍ മരങ്ങളും കെട്ടിടങ്ങളും മാറ്റിയപ്പോള്‍ വിശ്വാസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ഈ പന മാറ്റിനിര്‍ത്തുകയായിരുന്നു. തലമുറകള്‍ കൈമാറിവന്ന ഈ പന ചരിത്രത്തിലേക്ക് മറയുന്നത് കാണാന്‍ രാവിലെ മുതല്‍ തന്നെ നാട്ടുകാരുടെ തിക്കും തിരക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: