ന്യൂദല്‍ഹി: ജനദ്രോഹനയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം മുഴുവന്‍ സ്വാഗതം ചെയ്ത വിപ്ലവകരമായ തീരുമാനമായിരുന്നു മുത്തലാഖ് നിരോധനം. കോടിക്കണക്കിന് മുസ്ലിം സ്ത്രീകളുടെ അഭിമാനവും അന്തസും ഉയര്‍ത്തിപ്പിടിച്ച മോദി സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു അത്. എന്നാല്‍ വിവാഹമോചനം നേടുന്ന മുസ്ലിങ്ങളെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും സുരേന്ദ്രന് പറഞ്ഞു.
ലോകത്ത് ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളും ഉപേക്ഷിച്ച കാടന്‍ നിയമം കേരളത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ പിണറായി വിജയന് ശ്രമിക്കുകയാണ്. മൂന്ന് തലാഖ് ചൊല്ലി മുസ്ലിം സ്ത്രീകളെ അനാഥമാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചത്. മുഖ്യമന്ത്രി മതപരമായ ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാന്‍ ശ്രമിക്കുകയാണ്. പിണറായിയുടെ പ്രസ്താവന മതസ്പര്‍ധ ഉണ്ടാക്കും. പുരപ്പുറത്ത് കയറി പുരോഗമനം സംസാരിക്കുകയും സ്ത്രീ സമത്വത്തെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ ഏറ്റവും വലിയ നേതാവിന്റെ നിലവാരമില്ലാത്ത വര്‍ഗീയ പ്രസംഗമാണ് കാസര്‍കോട് കണ്ടത്.
എം.വി. ഗോവിന്ദന്റെ ജാഥ കേരളം മുഴുവന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ളതാണെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വര്‍ഗീയ കാര്‍ഡാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. ഹിന്ദുസംഘടനകളും മുസ്ലിം സംഘടനകളും തമ്മില്‍ ചര്‍ച്ച നടന്നാല്‍ എങ്ങനെയാണ് വര്ഗീയതയാവുന്നതെന്ന് മുഖ്യമന്ത്രി പറയണം. മുട്ടനെയും കുട്ടനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ തന്ത്രമാണ് പിണറായിക്ക്. ഇത്തരം വര്‍ഗീയ പ്രചരണം നാല് വോട്ട് കിട്ടാന്‍ സഹായകരമാവുമെങ്കിലും കേരളത്തിന്റെ അന്തരീക്ഷം മോശമാക്കുമെന്ന് പിണറായി മനസിലാക്കണം.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും ഒരിക്കലും നടക്കാത്ത സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ 62 കോടി തട്ടിയ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണം. ജനങ്ങളുടെ മേല്‍ അമിതഭാരം കെട്ടിവെക്കുന്ന ഇടത് സര്‍ക്കാര്‍ അഴിമതിക്കും ധൂര്‍ത്തിനും വേണ്ടി കോടികള്‍ പൊടിക്കുകയാണെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: