വഡോദര: ശിവരാത്രി ദിനത്തില്‍ ശിവഭക്തരെ ആനന്ദത്തിലാഴ്ത്തി 111 അടി ഉയരമുള്ള സ്വര്‍ണ്ണശിവപ്രതിമ തുറന്നുകൊടുക്കും. സുര്‍സാഗര്‍ തടാകത്തിന് സുവര്ണ്ണസംഗീതം പോലെ ത്രിശുലമേന്തിയ പ്രസാദാത്മക ശിവന് അനുഗ്രഹം ചൊരിയും. ഗുജറാത്തിലെ വഡോദര നഗരത്തിന്റെ പുതിയ മുദ്രയായി ഈ സ്വര്‍ണ ശിവ പ്രതിമ മാറും.
മഹാശിവരാത്രി ദിനമായ ശനിയാഴ്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഈ പ്രതിമ അനാച്ഛാദനം ചെയ്യും.
12 കോടി രൂപയാണ് പ്രതിമയുടെ നിര്‍മ്മാണത്തിന് ചെലവഴിച്ചിരിക്കുന്നത്. 17.5 കിലോ സ്വര്‍ണമാണ് പ്രതിമയില്‍ പൂശിയിരിക്കുന്നത്. പാരമ്പര്യ ഹൈന്ദവശാസ്ത്രങ്ങള്‍ മുഴുവന്‍ കണക്കിലെടുത്താണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിമയും അതിന്റെ സ്തംഭം മുതൽ മുഴുവൻ ഘടനയിലും ഈ കണക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനായി സംഖ്യാശാസ്ത്രം, ജ്യോതിഷം, ഗ്രഹശാസ്ത്രം, വർണ്ണ ശാസ്ത്രം, വൈബ്രേഷൻ സയൻസ്, രാശി-കുണ്ഡലി എന്നിവ കണക്കിലെടുത്തിട്ടുണ്ട്. .സര്വേശ്വര് മഹാദേവ് എന്നാണ് പ്രതിമയുടെ പേര്.
ഔദ്യോഗികമായി പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് മുന്‍പേ പ്രതിമ കാണാൻ ഭക്തര്‍ക്ക് അവസരം നല്‍കിയിരുന്നു. നൂറുകണക്കിന് പേരാണ് പ്രതിമ കാണാന്‍ എത്തിയത്. മഞ്ജല്‍പൂര്‍ എംഎല്‍എ യോഗേഷ് പട്ടേലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘സത്യം ശിവം സുന്ദരം’ സമിതിയ്ക്കാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം. പ്രതിമയും അതിനുള്ള അടിത്തറയും തൂണുകളും ‘അഷ്ടസിദ്ധി യന്ത്ര’ സാങ്കേതികതയിലാണ് ഒരുക്കിയിരിക്കുന്നത്.
1996 ല്‍ നിര്‍മ്മാണം ആരംഭിച്ച പ്രതിമ പൂര്‍ത്തിയായത് 2002ലാണ്. തുടര്‍ന്ന് 2017 മുതല്‍ പ്രതിമയില്‍ സ്വര്‍ണം പൂശാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരാണ് 12 കോടി രൂപ സംഭാവനയായി നൽകിയത് . ഒറീസ സ്വദേശിയായ രാജേന്ദ്ര നായക്കും സംഘവുമാണ് പ്രതിമ സ്വർണ്ണം പൂശുന്ന ജോലി ചെയ്തത്. അംബാജി, ഷിർദി സായിബാബ മന്ദിർ എന്നിവയുൾപ്പെടെ രാജ്യത്തെ 50 ഓളം ആരാധനാലയങ്ങളിൽ ഇവര്‍ പ്രതിമകള്‍ക്കും മണ്ഡപങ്ങള്‍ക്കും സ്വർണ്ണം പൂശിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: