ന്യൂദല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി. മഞ്ജുവാര്യരിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചെങ്കിലും ഇതിനെതിരെയുള്ള പ്രോസിക്യൂഷന് വാദങ്ങളെ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
സാക്ഷി വിസ്താരത്തില്‍ കോടതി ഇടപെടില്ല. പ്രോസിക്യൂഷന് മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിന് ഒരു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാരും മറുപടി നല്കി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മാര്‍ച്ച് 24ന് വീണ്ടും പരിഗണിക്കും.
മഞ്ജു വാര്യര്‍ തന്റെ മുന്‍ ഭാര്യയാണെന്നും തന്നോട് വൈരാഗ്യമുണ്ടെന്നും അതിനാല്‍ വരെ വീണ്ടും വിസ്തരിക്കരുത്. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നടപടികള്‍ നീണ്ടുപോകാന്‍ കാരണമാകുമെന്നാണ് ദിലീപ് സുപ്രീംകോടതിയില്‍ അറിയിച്ചത്. എന്നാല്‍ കേസ് നടപടികള്‍ കുറ്റമറ്റതാകാന്‍ വേണ്ടിയാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന് സര്‍ക്കാര്‍ ദിലീപിനെ എതിര്‍ത്ത് കോടതിയില്‍ അറിയിക്കുകയായിരുന്നു.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷന് വിചാരണ കോടതിയിലെത്തിയത്. ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ജുവിനെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യുഷന് നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ജു വാരിയര്‍ ഉള്‍പ്പടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം നല്‍കിയത്. ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളളവയും നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജു വാരിയരെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: