ന്യൂദല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കുറ്റമറ്റതാകാന്‍ മഞ്ജു വാര്യറിനെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ പ്രതിയായ ദിലീപിന്റെ പങ്ക് തെളിയിക്കുന്നതിനായാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷന് ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന് നടന് ദിലീപ് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ഇതിനുള്ള മറുപടി നല്‍കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇത് കൂടാതെ കേസിലെ പതിനഞ്ചാം പ്രതിയായ ശരത്തിനെതിരെയും സംസ്ഥാന സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ദിലീപിന്റെ സഹോദരന് അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവന്, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെടുന്നത് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. മുന്‍ ഭാര്യയായ മഞ്ജുവിന് തന്നോടു വിരോധമുണ്ടെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകള്‍ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. ഓഡിയോ ക്ലിപ്പുകള്‍ സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ തന്നെ സാക്ഷികളായ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ഓഡിയോ ക്ലിപ്പുകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ വൈദഗ്ധ്യമുള്ളവരാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
പുതിയതായി 44 സാക്ഷികളെ കൂടി വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ മിക്കവരും കേസുമായി ബന്ധമുള്ളവരല്ല. ചിലര്‍ ഒരു തവണ വിസ്തരിച്ച് വിട്ടവരാണ്. എന്തിനാണ് ഇവരെ വീണ്ടും വിസ്തരിക്കുന്നതെന്ന് പ്രോസിക്യൂഷന് അറിയിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വിസ്താരം വേഗത്തില്‍ പൂര്‍ത്തിയാക്കണം പ്രോസിക്യൂഷന് നീട്ടിക്കൊണ്ടുപോവുകയാണെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: