പനിബാധിച്ച സ്വന്തം കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ അച്ഛനെപ്പോലും, മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ പോലിസ് തടഞ്ഞു നിര്‍ത്തിയ നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. യാത്രയ്ക്കിടെ കാലടിക്കടുത്ത് മറ്റൂരില്‍ വണ്ടി നിര്‍ത്തി, കുഞ്ഞിനെ തോളിലെടുത്ത് ആ അച്ഛന് മെഡിക്കല്‍ ഷോപ്പില്‍നിന്ന് മരുന്നുവാങ്ങാനെത്തിയപ്പോഴാണ് പോലീസ് അസഭ്യം പറഞ്ഞ് വിലക്കിയത്. മരുന്നു കൊടുത്തില്ലെങ്കില്‍ അസുഖം കലശലായി ഫിറ്റ്സ് വരുമെന്നു പറഞ്ഞിട്ടും പോലീസിന്റെ മനസ്സലിഞ്ഞില്ല. പനി മൂര്‍ച്ഛിച്ച കുഞ്ഞിന്റെ അവശനിലയെക്കുറിച്ച് പറഞ്ഞപ്പോള്‍, ജാഡയൊന്നും വേണ്ടെന്നാണത്രേ ഒരു എസ്ഐ കയര്‍ത്തത്. മരുന്ന് നല്കാന് ശ്രമിച്ച മെഡിക്കല്‍ ഷോപ്പുടമയേയും പോലീസ് വെറുതെവിട്ടില്ല. കട പൂട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഈ സംഭവത്തിനു പിറ്റേന്ന് കുറവിലങ്ങാട്ട്, മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ വഴി തടഞ്ഞ് നാട്ടുകാരെ ബുദ്ധിമുട്ടിച്ചതിനെക്കുറിച്ച് കോടതി വിശദീകരണം തേടിയിരിക്കുകയാണ്. ബജറ്റില്‍ അന്യായമായി ഇന്ധന നികുതി വര്‍ധിപ്പിച്ചതിനും, വെള്ളക്കരം കൂട്ടിയതിനും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിനുമെതിരെ ജനകീയ പ്രതിഷേധം ഉയരുന്നതിനാലാണ് മുഖ്യമന്ത്രിയുടെ യാത്രയിലുടനീളം പോലീസ് ഇത്തരം അതിക്രമങ്ങള്‍ കാണിക്കുന്നത്. സെക്രട്ടറിയേറ്റിനു മുന്നില്‍ വലിയ പ്രതിഷേധസമരങ്ങള്‍ നടക്കുകയും, പലയിടങ്ങളിലും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കുകയുമൊക്കെ ചെയ്തിട്ടും ഇന്ധനനികുതിയും മറ്റും പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ ധാര്‍ഷ്ട്യമാണ് ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമാക്കുന്നത്.
ഇതിനു മുന്‍പ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സ്വര്‍ണക്കടത്തു കേസിലും ലൈഫ് മിഷന് അഴിമതി കേസിലുമൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തുടനീളം പോലീസ്, അതിക്രമങ്ങള്‍ കാണിക്കുകയുണ്ടായി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് തടയാനെന്ന പേരില്‍ വാഹനങ്ങള്‍ തടഞ്ഞിടുകയും സാധാരണക്കാരെ വഴിനടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത പോലീസ് നടപടി വ്യാപകമായ എതിര്‍പ്പിനിടയാക്കിയിരുന്നു. കറുത്ത വസ്ത്രം ധരിക്കുന്നവരെ കസ്റ്റഡിയിലെടുത്തതും, കൊവിഡ് കാലമായിരുന്നിട്ടും മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ കറുത്ത മാസ്ക് ധരിക്കാന്‍ അനുവദിക്കാതിരുന്നതുമൊക്കെ ജനങ്ങള്‍ മറന്നിട്ടില്ല. അന്ന് പ്രതിഷേധിച്ചവരെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയാണ് പോലീസ് ചെയ്തത്. തനിക്കുവേണ്ടി ജനങ്ങളുടെമേല്‍ ഇങ്ങനെയൊക്കെ കുതിരകേറിയിട്ടും മുഖ്യമന്ത്രി അതൊന്നും കണ്ടഭാവം നടിച്ചില്ല. ഒരു ഭരണാധികാരിയെന്ന നിലയില്‍ ഇതൊക്കെ ആസ്വദിക്കുകയും, അധികാരത്തിന്റെ ഗര്‍വു കാണിക്കാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കേരളം തന്റെ സ്വകാര്യ സ്വത്താണെന്നും, പൊതു നിരത്തുകള്‍ തനിക്ക് ചീറിപ്പായാനുള്ളതാണെന്നും കരുതുന്ന ഒരു ഭരണാധികാരിയാണ് പിണറായി വിജയന്. കൊടിവച്ച കാറിലെ അതിവേഗത മൂലം ജനങ്ങളുടെ അനിഷ്ടം ക്ഷണിച്ചുവരുത്തിയ വേറെയും മുഖ്യമന്ത്രിമാര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ അവരൊന്നും പിണറായി വിജയന്റെ ഔദ്യോഗിക യാത്രകളിലേതുപോലെ ജനങ്ങള്‍ക്കുനേരെ അതിക്രമം കാണിച്ചിട്ടില്ല.
താന്‍ ലക്ഷണമൊത്ത ഒരു ഏകാധിപതിയാണെന്ന് സിപിഎം നേതാവായ പിണറായി വിജയന് ആവര്‍ത്തിച്ച് തെളിയിച്ചിട്ടുള്ളതാണ്. പാര്‍ട്ടിയിലെ എതിരാളികളെ അടിച്ചമര്‍ത്തി നിശ്ശബ്ദരാക്കുന്നതില്‍ ഏതറ്റംവരെ പോകാനും മടിക്കാതിരുന്നയാളാണ്. ഒരു ഘട്ടത്തില്‍ വി.എസ്. അച്യുതാനന്ദന് വലിയ പിന്തുണയുണ്ടായിരുന്ന പാര്‍ട്ടി പിടിച്ചെടുക്കുന്നതില്‍ പിണറായി പൂര്‍ണമായും വിജയിച്ചു. ഇതിനായി ഉപയോഗിച്ച തന്ത്രങ്ങളില്‍ പലതും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പാര്‍ട്ടി നേതാവില്‍നിന്ന് മുഖ്യമന്ത്രി പദവിയിലെത്തിയപ്പോള്‍ യുദ്ധം പൊതുജനങ്ങളോടായി. പാര്‍ട്ടിക്ക് അധികാരം ലഭിച്ചിരിക്കുന്നത് തനിക്ക് തോന്നിയതുപോലെ ഭരിക്കാനാണെന്നും, തന്നെ ഉപദേശിക്കാന്‍ ആരും വരേണ്ടതില്ലെന്നുമുള്ള ധാര്‍ഷ്ട്യമാണ് പിണറായിയില്‍ അടിമുടി നിറഞ്ഞുനില്ക്കുന്നത്. വഹിക്കുന്ന പദവിയുടെ അന്തസ്സ് നോക്കാതെ പൊതുചടങ്ങുകളില്‍പ്പോലും മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാനും, മറ്റുള്ളവരോട് തട്ടിക്കയറാനുമൊന്നും മുഖ്യമന്ത്രി മടിക്കാറില്ല. പല ഏകാധിപതികളെയും പോലെ ഉള്ളില്‍ വലിയ അരക്ഷിതാവസ്ഥയാണ് പിണറായി വിജയന് അനുഭവിക്കുന്നത്. അധികാര ധാര്‍ഷ്ട്യംകൊണ്ട് ഇത് മറച്ചുപിടിക്കാന്‍ ശ്രമിക്കുകയായിരിക്കാം.
ജനകീയനാണെന്ന് നടിക്കുന്ന ഒരു ഭരണാധികാരിയാണ് ഇത്രയധികം ജനവിരുദ്ധമായി പെരുമാറുന്നത്. ഇന്ത്യയിലെ ആരോടെങ്കിലുമല്ല, കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളോടാണ് പിണറായിയെ താരതമ്യപ്പെടുത്താവുന്നത്. ഇവരുടെ പതനം ഏതുതരത്തിലായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ ഭയക്കുന്ന ഭരണാധികാരികള്‍ സ്ഥാനമൊഴിഞ്ഞ് വീട്ടിലിരിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: